ചാണ്ടി ഉമ്മന് മൃഗീയ ഭൂരിപക്ഷം?’ മാധ്യമ സര്‍വേ ഫലങ്ങള്‍ പുറത്ത്

Share

തിരുവനന്തപുരം: വാശിയേറിയ ത്രികോണ മല്‍സരം നടക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ മുന്നേറ്റമെന്ന് അഭിപ്രായ സര്‍വേ. യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ ജയിക്കുമെന്ന് മലയാള മാധ്യമങ്ങളായ ‘ദ ഫോര്‍ത്തും’ മറുനാടന്‍ മലയാളിയും ഇന്ന് പുറത്തുവിട്ട സര്‍വേഫലം വ്യക്തമാക്കുന്നു. പുതുപ്പള്ളിയില്‍ ആകെയുള്ളത് 1,75,605 വോട്ടര്‍മാരാണ്. സര്‍വെ ഫലം അനുസരിച്ച് ചാണ്ടി ഉമ്മന്‍ 72.85 ശതമാനം വോട്ട് നേടുമെന്നാണ് ദി ഫോര്‍ത്തിന്റെ പ്രവചനം. അതായത് 80 ശതമാനം പോളിങ് നടന്നാല്‍ 1,025,48 വോട്ടുകള്‍ ചാണ്ടി ഉമ്മന്‍ നേടുമെന്ന് ദി ഫോര്‍ത്ത് പ്രവചിക്കുന്നു. അങ്ങനെയെങ്കില്‍ 60,000-ത്തിലെറെ വോട്ടിന്റെ ഭൂരിപക്ഷം ചാണ്ടി ഉമ്മനുണ്ടാകുമെന്നാണ് ഫോര്‍ത്തിന്റെ സര്‍വെ വ്യക്തമാക്കുന്നത്. അതേസ്ഥാനത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസിന് 40,327 വോട്ടുകളായിരിക്കും ലഭിക്കുക, അതായത് 80 ശതമാനം പോളിങ് നടന്നാല്‍ ജയ്ക്ക് 22.92 ശതമാനം വോട്ടിലൊതുങ്ങുമെന്നും ദി ഫോര്‍ത്ത് പ്രവചിക്കുന്നു. എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് വെറും 4991 വോട്ടുകള്‍ മാത്രമായിരിക്കും ലഭിക്കുകയെന്നും സര്‍വെ വ്യക്തമാക്കുന്നു.

2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിലും തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലും കൃത്യതയോടെയുള്ള പ്രവചനം നടത്തിയതിന്റെ ആധികാരികതയിലാണ് പുതുപ്പള്ളിയിലും അഭിപ്രായ സര്‍വേ നടത്തിയതെന്ന് മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന്‍ സ്‌കറിയ പറഞ്ഞു. മറുനാടന്റെ സര്‍വേ പ്രകാരം ചാണ്ടി ഉമ്മന് 52 ശതമാനം വോട്ടുകള്‍ ലഭിക്കുമ്പോള്‍, ഇടതുസ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസിന് 35 ശതമാനം വോട്ടുകള്‍ മാത്രമായിരിക്കും ലഭിക്കുക. എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാലിന് ഏഴു ശതമാനം വോട്ടുകള്‍ മാത്രമേ സമാഹരിക്കാന്‍ കഴിയൂ എന്നാണ് മറുനാടന്റെ സര്‍വേ ഫലം. കഴിഞ്ഞ തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ കിട്ടിയ 8.87 ശതമാനം വോട്ടുകള്‍ ഇത്തവണ ബിജെപിക്ക് കിട്ടില്ലെന്നും ഇത് യുഡിഎഫിന് ഗുണം ചെയ്യുമെന്നുമാണ് വിലയിരുത്തല്‍. ആകെയുള്ള എട്ടുപഞ്ചായത്തിലും യു.ഡി.എഫ് ലീഡ് നേടുമെന്നും 17 ശതമാനം അധിക വോട്ടുകള്‍ നേടി 25,000-ത്തില്‍പ്പരം വോട്ടിന്റെ ഭൂരിപക്ഷത്തിന് ചാണ്ടി ഉമ്മന്‍ ജയിക്കുമെന്നും മറുനാടന്‍ പ്രവചിക്കുന്നു. കഴിഞ്ഞ തവണ ഉമ്മന്‍ചാണ്ടിക്ക് 9044 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉണ്ടായിരുന്നത്. ഇത് ഉമ്മന്‍ചാണ്ടിക്ക് മണ്ഡലത്തില്‍ കിട്ടിയ ഏറ്റവും ചെറിയ ഭൂരിപക്ഷമായിരുന്നു എന്നതും ശ്രദ്ധേയമാണ്. എല്‍.ഡി.എഫിലെ ജെയ്ക്ക് സി തോമസ് തന്നെയായിരുന്നു അന്നും യു.ഡി.എഫിന് എതിരാളി. ഈ മാസം അഞ്ചിനാണ് പുതുപ്പള്ളിയില്‍ വോട്ടെടുപ്പ്, 8-നായിരിക്കും വോട്ടെണ്ണല്‍ നടക്കുക.