നിഷ്‌ക്രിയ ഇ-മെയില്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്യും; അന്തിമ തീയതി പ്രഖ്യാപിച്ച് ഗൂഗിള്‍

Share

News Desk: ഈ ഡിജിറ്റല്‍ യുഗത്തില്‍ ഗൂഗിളിന്റെ സഹായം തേടാത്തവര്‍ ആരുമുണ്ടാകില്ല. ഇന്റര്‍നെറ്റ് ലോകത്തെ നമ്മുടെ വിലാസമായ മെയില്‍ ഐഡികള്‍ ഇല്ലാത്തവര്‍ ഈ കാലഘട്ടത്തില്‍ അപൂര്‍വമാണ്. ഒന്നിലധികം ജി-മെയില്‍ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നവരും ധാരാളമാണ്. എന്നാല്‍ അക്കൗണ്ടുകള്‍ ഓപ്പന്‍ ചെയ്ത് കഴിഞ്ഞാല്‍ കുറേ നാളത്തെ ഉപയോഗത്തിന് ശേഷം അതിലേക്ക് തിരിഞ്ഞു നോക്കാത്തവരുടെ എണ്ണവും കൂടിവരുകയാണ്. അത്തരക്കാര്‍ക്ക് ‘പണി’ കൊടുക്കാന്‍ ഒരുങ്ങുകയാണ് ഗൂഗിള്‍. കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായി ഉപയോഗിക്കാത്തതും സൈന്‍ ഇന്‍ ചെയ്യാത്തതുമായ ഗൂഗിള്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്യുമെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. 2023 ഡിസംബര്‍ 31 മുതല്‍ ഇത്തരത്തിലുള്ള അക്കൗണ്ടുകള്‍ നീക്കം ചെയ്യുമെന്നാണ് ഗൂഗിള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഉപയോക്തൃ സുരക്ഷ, സ്വകാര്യത എന്നിവ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പ്രവര്‍ത്തനരഹിതമായ ഇത്തരം അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നതെന്നാണ് ഗൂഗിള്‍ അറിയിച്ചിരിക്കുന്നത്.

ഒരു തവണ അക്കൗണ്ട് നീക്കം ചെയ്യപ്പെട്ടാല്‍ പുതിയ അക്കൗണ്ട് തുടങ്ങുന്നതിന് ബന്ധപ്പെട്ട ജീ-മെയില്‍ വിലാസം ഉപയോഗിക്കാന്‍ സാധിക്കില്ല എന്ന പ്രത്യേകതയും ഉണ്ട്. ജി-മെയില്‍, ഡോക്സ്, ഡ്രൈവ്, മീറ്റ്, കലണ്ടര്‍, യുട്യൂബ്, ഗൂഗിള്‍ ഫോട്ടോസ് എന്നിവയുള്‍പ്പെടെ നിഷ്‌ക്രിയ അക്കൗണ്ടുകളില്‍ സംഭരിച്ചിരിക്കുന്ന എല്ലാ ഉള്ളടക്കത്തെയും പുതിയ നീക്കം ബാധിക്കും. അതുകൊണ്ട് തന്നെ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യുന്നതിന് മുന്‍പ് ഉപയോക്താക്കളെ ഗൂഗില്‍ മുന്‍കൂട്ടി അറിയിക്കും. പുതിയ നീക്കം ചെയ്യല്‍ പോളിസി വ്യക്തിഗത ഗൂഗിള്‍ അക്കൗണ്ടുകള്‍ക്ക് മാത്രമേ ബാധകമാവുകയുള്ളൂവെന്നും അതേസമയം ഗൂഗിള്‍ വന്‍, യുട്യൂബ് പ്രീമിയം പോലുള്ള സബ്സ്‌ക്രിപ്ഷനുകള്‍ ഉള്ളവര്‍ക്ക് അക്കൗണ്ടുകള്‍ നഷ്ടമാകില്ലെന്നും ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ അക്കൗണ്ട് നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് വീണ്ടും ഉപയോഗിക്കുക എന്നതാണ് ഏക മാര്‍ഗ്ഗമെന്നും ഗൂഗിള്‍ നയം വ്യക്തമാക്കുന്നു.