ഇന്ത്യയ്ക്ക് തിരിച്ചടി; 2026 കോമൺവെല്‍ത്ത് ഗെയിംസിൽ നിന്ന് ആറ് ഇനങ്ങൾ ഒഴിവാക്കി

Share

2026 കോമൺവെല്‍ത്ത് ഗെയിംസിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾക്ക് തിരിച്ചടി. 2022ലെ ബര്‍മിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് മെഡൽ നേടാനായ ആറ് ഇനങ്ങൾ ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ‍​​ഗെയിംസിൽ നിന്ന് ഒഴിവാക്കി. ബാഡ്മിന്‍റണ്‍, ഹോക്കി, സ്ക്വാഷ്, ടേബിള്‍ ടെന്നീസ്, ഗുസ്തി, ക്രിക്കറ്റ് എന്നിവയാണ് ഒഴിവാക്കിയത്. ഷൂട്ടിംഗ്, അമ്പെയ്ത്ത് എന്നീ ഇനങ്ങളും അടുത്ത കോമൺവെല്‍ത്ത് ഗെയിംസിൽ കാണില്ല. ആകെ പത്ത് ഇനങ്ങളില്‍ മാത്രമായിരിക്കും അടുത്ത ഗെയിംസില്‍ മത്സരങ്ങള്‍ നടക്കുക. ബജറ്റിനനുസരിച്ച് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിനായാണ് മത്സര ഇനങ്ങളെ ഒഴിവാക്കിയതെന്നാണ് ഔദ്യോ​ഗിക വിശദീകരണം.
2026 ജൂലായ് 23 മുതല്‍ ഓഗസ്റ്റ് രണ്ട് വരെയാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് അരങ്ങേറുക. ആതിഥേയത്വം വഹിക്കേണ്ട ഓസ്ട്രേലിയന്‍ സംസ്ഥാനമായ വിക്ടോറിയ വലിയ സാമ്പത്തിക ചെലവിനെ തുടര്‍ന്ന് പിന്മാറിയിരുന്നു. തുടർന്ന് സ്‌കോട്ട്‌ലന്‍ഡ് ആതിഥേയത്വം വഹിക്കാൻ തയ്യാറായി രംഗത്തെത്തുകയായിരുന്നു. 1966 മുതല്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന്‍റെ ഭാഗമായിരുന്ന ബാഡ്മിന്‍റണ്‍ ആദ്യമായാണ് ​ഗെയിംസിൽ നിന്ന് ഒഴിവാക്കപ്പെടുന്നത്. 1988 മുതലാണ് ഹോക്കിയും, സ്ക്വാഷും ​ഗെയിംസിലെ മത്സരയിനമായത്. 2002 മുതലുള്ള എല്ലാ ഗെയിംസിലും ടേബിള്‍ ടെന്നീസും ഉണ്ടായിരുന്നു.
22 സ്വര്‍ണം ഉള്‍പ്പെടെ 61 മെഡലുകളാണ് ബര്‍മിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വന്തമാക്കിയത്. ഗുസ്തി (12), ബോക്സിംഗ്, ടേബിള്‍ ടെന്നീസ് (7 വീതം), ബാഡ്മിന്‍റണ്‍ (6), ഹോക്കി, സ്ക്വാഷ് (2 വീതം), ക്രിക്കറ്റ് (1) എന്നിങ്ങനെ ഒഴിവാക്കപ്പെട്ട ഇനങ്ങളിൽ നിന്നാണ് 28 മെഡലുകൾ ഇന്ത്യ സ്വന്തമാക്കിയിരുന്നത്.