റിലയൻസ് ഏറ്റെടുത്തതോടെ ഡിസ്നിയിൽ നിന്നും രാജിവെച്ച് കെ മാധവൻ

Share

റിലയൻസ് ഉടമസ്ഥതയിലുള്ള വയാകോം 18 മായുള്ള ഡിസ്നി സ്റ്റാറിന്‍റെ ലയനത്തിന് പിന്നാലെ ഡിസ്നിയിൽ നിന്നും രാജിവെച്ച് കെ മാധവൻ. നിലവിൽ ഡിസ്നി സ്റ്റാർ കൺട്രി മാനേജറും ഡിസ്നി സ്റ്റാർ പ്രസിഡന്‍റുമാണ് മാധവൻ. അദ്ദേഹത്തിനൊപ്പം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ ഇന്ത്യ മേധാവിയും മലയാളിയുമായ സജിത്ത് ശിവാനന്ദനും രാജിവെച്ചെന്നാണ് വിവരം.
ഇന്ത്യൻ ദൃശ്യമാധ്യമ രംഗത്ത് നിർണായക സ്വാധീനം ചെലുത്തിയ വ്യക്തികളിലൊരാളാണ് കോഴിക്കോട് സ്വദേശിയായ കെ. മാധവൻ. ഏഷ്യാനെറ്റ് എംഡി എന്ന നിലയിലാണ് മലയാളികൾക്ക് അദ്ദേഹം സുപരിചിതനായത്. 1999ൽ ഏഷ്യാനെറ്റിൽ ഡയറക്ടറായി ജോലിയിൽ പ്രവേശിച്ച മാധവൻ 2000 മുതൽ 2008 വരെ ചാനൽ എംഡിയും സിഇഒയുമായിരുന്നു. ഏഷ്യാനെറ്റിനെ സ്റ്റാർ ഗ്രൂപ്പ് ഏറ്റെടുത്തതോടെ സ്റ്റാറിന് കീഴിലെ ചാനലുകളുടെ ദക്ഷിണമേഖലാ മേധാവിയായി. മാധവനൊപ്പം ഡിസ്നി ഗ്രൂപ്പ് വിടുന്ന സജിത്ത് ശിവാനന്ദൻ ഗൂഗിളിൽ നിന്നാണ് ഹോട്ട്സ്റ്റാറിന്‍റെ തലപ്പത്തെത്തുന്നത്. ആഗോള നിലവാരത്തിലുള്ള ഒടിടി പ്ലാറ്റ്ഫോമായി ഡിസ്നി ഹോട്ട്സ്റ്റാറിനെ മാറ്റിയതിൽ സജിത്ത് ശിവാനന്ദ് പ്രധാന പങ്ക് വഹിച്ചു. സ്റ്റാർ ഗ്രൂപ്പ് ചാനലുകളും ഹോട്ട് സ്റ്റാർ എന്ന ഒടിടി പ്ലാറ്റ്ഫോമും വലിയ വളർച്ചയാണ് മാധവന് കീഴിൽ നേടിയത്. സ്റ്റാറിന് കീഴിലെ എന്‍റർടെയ്ൻമെന്‍റ്, സ്പോർട്സ് ചാനലുകൾക്കൊപ്പം സ്റ്റുഡിയോ, ഷോ ബിസിനസ്, ഹോട്ട്സ്റ്റാർ തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ മാധവന്‍റെ മേൽനോട്ടത്തിലായിരുന്നു.
റിലയൻസ് ഇൻഡസ്ട്രീസിന്‍റെ മീഡിയ ആസ്തികളും വാൾട്ട് ഡിസ്നി കമ്പനിയുടെ ഇന്ത്യൻ ബിസിനസും സംയോജിപ്പിക്കുന്ന ലയനം, 70,000 കോടിയിലധികം മൂല്യമുള്ള രാജ്യത്തെ ഏറ്റവും വലിയ മീഡിയ കമ്പനിക്കാണ് തുടക്കമിടുക. ജിയോ സിനിമയും ഹോട്ട്‌സ്റ്റാറുമായി ലയിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.