വാഷിങ്ടൺ: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ ഭാവി വിലകൾ നാല് ശതമാനം വരെ ഉയർന്നു. മിൽട്ടൺ ചുഴലിക്കാറ്റിന് മുമ്പുണ്ടായ എണ്ണ ഉപഭോഗത്തിലെ വർധനയാണ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡ് ഓയിലിന്റെ വില കൂടുന്നതിനുള്ള കാരണങ്ങളിലൊന്നായി വിലയിരുത്തുന്നത്. അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡിന്റെ ഭാവി വിലകൾ 2.82 ഡോളർ ഉയർന്നു. 3.7 ശതമാനം ഉയർച്ചയാണ് ബ്രെന്റ് ക്രൂഡിന് ഉണ്ടായത്. 79.40 ഡോളറായാണ് ബാരലിന് എണ്ണവില ഉയർന്നത്.
വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയേറ്റ് ക്രൂഡ് ഓയിലിന്റെ വില 3.6 ശതമാനം കൂടി 75.85 ഡോളറിലെത്തി. ലോകത്തെ ഏറ്റവും വലിയ എണ്ണ ഉൽപാദക രാജ്യങ്ങളിലൊന്നും ഉപഭോക്താവുമായ യു.എസിൽ വീശിയടിച്ച മിൽട്ടൺ ചുഴലിക്കാറ്റ് എണ്ണവിലയെ സ്വാധീനിച്ചു. ചുഴലിക്കാറ്റ് മൂലം എണ്ണവിതരണത്തിലും പല തടസ്സങ്ങളും നേരിടുന്നുണ്ട്. ഇത് വിലയിൽ പ്രതിഫലിക്കുന്നു. ഇറാന്റെ ഇസ്രായേൽ ആക്രമണമാണ് ബ്രെന്റ് ക്രൂഡ് ഓയിലിന്റെ ഭാവി വില വർധിക്കാനുള്ള കാരണം. ഇറാന് ഇസ്രായേൽ തിരിച്ചടിയുണ്ടാകുമെന്ന റിപ്പോർട്ടുകൾ എണ്ണവിലയെ സ്വാധീനിക്കുന്നുണ്ട്. അതേസമയം, ഇറാന്റെ എണ്ണപ്പാടങ്ങളെ ഇസ്രായേൽ ആക്രമിച്ചാൽ അത് വലിയ പ്രത്യാഘതങ്ങൾ സൃഷ്ടിക്കുമെന്ന് ആശങ്കയുണ്ട്. ഗൾഫ് രാജ്യങ്ങൾ ഇറാന്റെ എണ്ണപ്പാടങ്ങളെ ആക്രമിക്കരുതെന്ന് ഇസ്രായേലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മിൽട്ടൺ ചുഴലിക്കാറ്റ്; ക്രൂഡ് ഓയിലിന്റെ വിലകൾ ഉയർന്നു
