സ്‌കൂൾ കലോത്സവങ്ങളിൽ മത്സര ഇനമായി ഇനി ഗോത്രകലകളും

Share

സ്‌കൂൾ കലോത്സവത്തിൽ ഇനി ഗോത്രകലകളും മത്സര ഇനമാകുമെന്ന് പ്രഖ്യാപനം. അഞ്ച് ആദിവാസി ഗോത്ര നൃത്തരൂപങ്ങൾ ഉൾപ്പെടുത്തി സ്കൂൾ കലോത്സവ മാന്വൽ പരിഷ്കരിച്ചു. മാവിലരുടെയും മലവേട്ടുവരുടെയും മംഗലംകളി, പണിയരുടെ കമ്പളകളി, വട്ടക്കളി (പണിയനൃത്തം), ഇരുളരുടെ നൃത്തം (ഇരുള നൃത്തം അഥവാ ആട്ടം പാട്ടം), പളിയരുടെ പളിയ നൃത്തം, മലപ്പുലയരുടെ ആട്ടം എന്നീ ഇനങ്ങൾ ഉൾപ്പെടുത്തിയാണ് മാന്വൽ പരിഷ്‌കരിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ് ഇറക്കിയത്.
ചരിത്രത്തിൽ ആദ്യമായാണ് ഗോത്രകലകൾ സ്‌കൂൾ കലോത്സവത്തിൽ മത്സര ഇനമാകുന്നത്. കഴിഞ്ഞ തവണ കൊല്ലത്ത് നടന്ന 62-ാം സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മംഗലംകളി പ്രദർശന ഇനമായി ഉൾപ്പെടുത്തിയിരുന്നു.
ഈ വർഷംതന്നെ തീരുമാനം നടപ്പാക്കും. ഹൈസ്കൂൾ, ഹയർസെക്കൻഡറി തലങ്ങളിലാണ് മത്സരം. എല്ലാവിഭാഗം കുട്ടികൾക്കും മത്സരങ്ങളിൽ പങ്കെടുക്കാം. കൊല്ലത്ത് നടന്ന കഴിഞ്ഞ സംസ്ഥാന കലോത്സവത്തിൽ മംഗലംകളി പ്രദർശന ഇനമായി ഉൾപ്പെടുത്തിയിരുന്നു. കാസർകോട് ഗവ. മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥികളാണ് അന്ന് നൃത്തമവതരിപ്പിച്ച് സദസ്സിന്റെ കൈയടി നേടിയത്. 2015 ജനുവരിയിൽ കോഴിക്കോട്ട്‌ നടന്ന സംസ്ഥാന കലോത്സവത്തിനിടെയാണ് വിഷയം ആദ്യമായി ചർച്ചയായത്. മാതൃഭൂമി ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച ‘എന്നെത്തും ഞങ്ങളീ വേദികളിൽ’ എന്ന റിപ്പോർട്ടിനെത്തുടർന്നായിരുന്നു ഇത്. വിദ്യാഭ്യാസമന്ത്രിയായിരുന്ന പി.കെ. അബ്ദുറബ് സമാപന സമ്മേളനത്തിൽ ആദിവാസി കലാരൂപങ്ങൾ വരും കലോത്സവങ്ങളിൽ ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്ന് ഉറപ്പുനൽകി. ഒൻപതുവർഷങ്ങൾക്കുശേഷമാണ് ആ വാക്ക് യാഥാർഥ്യമാകുന്നത്.