പ്രതികാരം തീർത്ത് ഇറാൻ; ഇസ്രായേലിലേക്ക് 180 ലധികം മിസൈലുകൾ തൊടുത്തു

Share

ടെൽ അവീവ്: പശ്ചിമേഷ്യ അശാന്തമായിരിക്കെ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാക്കി ഇറാൻ ഇസ്രായേലിലേക്ക് തൊടുത്തത് 180ലധികം ബാലിസ്റ്റിക് മിസൈലുകൾ. ഗാസ, ലെബനൻ ആക്രമണത്തിലും ഇറാൻ റവല്യൂഷനറി ഗാർഡ് കോർപസ് (ഐആർജിസി), ഹമാസ്, ഹിസ്ബുള്ള നേതാക്കളുടെ വധത്തിലും പ്രതികാരം വീട്ടാൻ ചൊവ്വാഴ്ച രാത്രിയിലാണ് ഇറാൻ ഇസ്രായേലിനെതിരെ മിസൈൽ ആക്രമണം നടത്തിയത്. ഇസ്രായേലുമായി നേരിട്ട് അതിർത്തി പങ്കിടാത്ത ഇറാൻ, ഇറാഖ്, സിറിയ, ജോർദാൻ എന്നീ രാജ്യങ്ങൾക്ക് മീതെയാണ് ഇസ്രായേൽ ലക്ഷ്യമാക്കി മിസൈലുകൾ തൊടുത്തത്. ഇവയിൽ ഭൂരിഭാഗവും അത്യാധുനിക പ്രതിരോധ സംവിധാനങ്ങളായ അയൺ ഡോം, ഡേവിഡ് സ്ലിങ്, ആരോ 2, ആരോ 3 തുടങ്ങിയവ ഉപയോഗിച്ച് ഇസ്രായേൽ ആകാശത്തുവെച്ചുതന്നെ നിർവീര്യമാക്കി.
ആക്രമണത്തിൽ ആളപായം തടയാനും ഇസ്രായേലിന് കഴിഞ്ഞു. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിറ്റേഴ്സിൻ്റെ റിപ്പോർട്ട് പ്രകാരം, ഇറാൻ ആക്രമണത്തിൽ ഇസ്രായേലിൽ ആർക്കും പരിക്കില്ല. ഈ വർഷം ഇറാൻ ഇസ്രായേലിന് നേരെ നടത്തുന്ന ഏറ്റവും ശക്തമായ ആക്രമണമാണ് ഇന്നലത്തേത് എന്നാണ് റിപ്പോർട്ട്. ദമാസ്കസിലെ ഇറാൻ കോൺസുലേറ്റ് ആക്രമിച്ചതിൽ പ്രതികാരം വീട്ടാൻ ഇക്കഴിഞ്ഞ ഏപ്രിലിൽ ഇറാൻ ഇസ്രായേലിന് നേരെ മിസൈൽ (110 ബാലിസ്റ്റിക് മിസൈലുകളും 30 ക്രൂയിസ് മിസൈലുകളും), ഡ്രോൺ ആക്രമണം നടത്തിയിരുന്നു. അന്ന് അമേരിക്കയുടെ അടക്കം പിന്തുണയോടെ ആക്രമണം പ്രതിരോധിച്ച അതേ മാർഗമാണ് ഇസ്രായേൽ ഇന്നലെയും സ്വീകരിച്ചതെന്നാണ് റിപ്പോർട്ട്. ചൊവ്വാഴ്ച രാത്രി നടന്ന ഇറാൻ ആക്രമണത്തിന് മണിക്കൂറുകൾക്ക് മുൻപ് അമേരിക്ക ഇസ്രായേലിന് മുന്നറിയിപ്പ് നൽകിയിരുന്നു.