കുവൈറ്റില്‍ സർക്കാർ തൊഴിലാളികൾക്ക് പ്രോജക്ട് വിസയില്‍ നിന്ന് സ്വകാര്യ മേഖലയിലേക്ക് വിസ മാറ്റാം

Share

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ വിവിധ സര്‍ക്കാര്‍ പദ്ധതികളില്‍ ജോലി ചെയ്യുന്നവര്‍ക്കുള്ള പ്രോജക്റ്റ് വിസയില്‍ രാജ്യത്ത് എത്തിയവര്‍ക്ക് പ്രോജക്ട് വിസയില്‍ നിന്ന് നിബന്ധനകള്‍ക്ക് വിധേയമായി സ്വകാര്യ മേഖലയിലേക്ക് വിസ ട്രാന്‍സ്ഫര്‍ അനുവദിക്കാന്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് പ്രൊജക്ട് വിസ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട നിയമത്തില്‍ ഭേദഗതികള്‍ വരുത്തിയതായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അറിയിച്ചു. ഇതോടെ രാജ്യത്തെ സര്‍ക്കാര്‍ -പൊതുമേഖല കമ്പനികളിലെ വിവിധ താല്‍ക്കാലിക പദ്ധതികളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് സ്വകാര്യ മേഖലയിലേക്ക് വിസ മാറാന്‍ അവസരം ലഭിക്കും. ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള പ്രവാസികള്‍ക്ക് വലിയ ആശ്വാസം നല്‍കുന്ന തീരുമാനമായാണ് ഇത് കണക്കാക്കപ്പെടുന്നത്. നിലവില്‍ നിരവധി ഇന്ത്യക്കാര്‍ രാജ്യത്തെ വിവിധ സര്‍ക്കാര്‍ പദ്ധതികളുമായി ബന്ധപ്പെട്ട് കുവൈറ്റില്‍ ജോലി ചെയ്യുന്നുണ്ട്.
എന്നാല്‍ പ്രൊജക്ട് വിസയില്‍ നിന്ന് കമ്പനി വിസയിലേക്ക് മാറുന്നതിന് ഏതാനും നിബന്ധനകള്‍ അധികൃതര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. പുതിയ നിര്‍ദ്ദേശങ്ങള്‍ പ്രകാരം സര്‍ക്കാര്‍ കരാറോ, പദ്ധതിയോ അവസാനിപ്പിച്ചാല്‍ മാത്രമേ തോഴിലാളികള്‍ക്ക് പ്രൊജക്ട് വിസയില്‍ നിന്ന് ഇഖാമ മാറ്റം അനുവദിക്കുകയുള്ളൂ. അതോടൊപ്പം പദ്ധതി പൂര്‍ത്തീകരിച്ചതായി സ്ഥിരീകരിക്കുന്ന അറിയിപ്പ് ബന്ധപ്പെട്ട സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനത്തില്‍ നിന്ന് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിന് ലഭിക്കുകയും വേണമെന്ന് അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തെ തൊഴില്‍ മേഖലയിലെ ക്ഷാമം പരിഹരിക്കുകയും അതിന്റെ ചലനാത്മകത നിലനിര്‍ത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ വിസ ട്രാന്‍സ്ഫര്‍ അനുമതിയുമായി അധികൃതര്‍ രംഗത്തെത്തിയിരിക്കുന്നത്. നേരത്തേ ഗാര്‍ഹിക വിസയിലുള്ളവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി സ്വകാര്യ മേഖലയിലേക്ക് വിസ മാറ്റാന്‍ താല്‍ക്കാലികമായി അനുമതി അധികൃതര്‍ നല്‍കിയിരുന്നു. ഇത് ഉപയോഗപ്പെടുത്തി ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള പതിനായിരക്കണക്കിന് പ്രവാസികളാണ് മികച്ച ശമ്പളവും ആനുകൂല്യങ്ങളും തൊഴില്‍ സൗകര്യങ്ങളും ലഭിക്കുന്ന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് വിസ ട്രാന്‍സ്ഫര്‍ ചെയ്തത്.