വയനാട് ദുരിതബാധിതരുടെ തിരിച്ചടവുകള്‍ ബാങ്കുകള്‍ ഈടാക്കിയിട്ടുണ്ടെങ്കില്‍ തിരിച്ച് നല്‍കാന്‍ നിർദ്ദേശം

Share

ഉരുൾപ്പൊട്ടലുണ്ടായ വയനാട് മേപ്പാടി പഞ്ചായത്തിലെ ആറ് സോണുകളിലും വിവിധ സംസ്ഥാന സേനകളുടെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ തിരച്ചിൽ തുടരുന്നു. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ തുടരുകയാണ്. ഇതിനിടെ ദുരന്തത്തിൽ ഇനിയും കണ്ടെത്തുവാനുള്ളവരുടെ ലിസ്റ്റ് സർക്കാർ പുറത്തുവിട്ടിരുന്നു.
സർക്കാർ പുറത്തുവിട്ട കണക്ക് പ്രകാരം 119 പേരെ കൂടിയാണ് ഇനിയും കണ്ടെത്താനുള്ളത്. മുണ്ടക്കൈ ,ചൂരൽമല ഉരുൾപ്പൊട്ടൽ മേഖലയിലും ചാലിയാറിൻ്റെ തീരങ്ങളിലെ നിലമ്പൂർ വനമേഖലയിലുമായി ഇവർക്കായി തെരച്ചിൽ തുടരുകയാണ്. ഉരുള്‍പൊട്ടലില്‍ ഒഴുകി വന്ന മണ്ണ് അടിഞ്ഞു കിടക്കുന്ന ഭാഗങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു തെരച്ചിൽ. വിവിധ സേനകളെ കൂടാതെ കടാവര്‍ നായകളെ ഉപയോഗിച്ചും തെരച്ചില്‍ നടത്തി.
ജാതിമത വ്യത്യാസങ്ങൾ ഇല്ലാതെ സ്നേഹത്തോടെ കഴിഞ്ഞിരുന്ന നാടായിരുന്നു ഇതെന്നും, എല്ലാവർക്കും ഒരുമിച്ച് താമസിക്കാനുള്ള സൗകര്യം സർക്കാർ ഒരുക്കി കൊടുക്കണമെന്നാണ് ദുരന്ത മേഖലയിലുള്ള ജനങ്ങൾ പറയുന്നത്. അതിജീവിച്ചവർക്ക് വേണ്ടി അത്യാധുനിക സംവിധാനങ്ങളോടുകൂടിയുള്ള ടൗൺഷിപ്പ് ആണ് സർക്കാരും വിഭാവനം ചെയ്യുന്നത്. ദുരന്ത മേഖലയിലെ വ്യാപാര സ്ഥാപനങ്ങളിൽ അടിഞ്ഞുകൂടിയ ചെളിയും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്യുന്ന ജോലികൾ വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ നടക്കുകയാണ്.
അതേസമയം വയനാട് ദുരിത ബാധിതര്‍ക്ക് അനുവദിച്ച തുകയില്‍ നിന്ന് തിരിച്ചടവുകള്‍ ബാങ്കുകള്‍ ഈടാക്കിയിട്ടുണ്ടെങ്കില്‍ തിരിച്ച് നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ് നൽകി. മേപ്പാടി പഞ്ചായത്തിലെ 10,11,12 വാർഡുകളിലുള്ളവർക്കായാണ്‌ ആശ്വാസ നടപടി. ജൂലൈയ് 30 ന് ശേഷമുള്ള ഇടപാടുകള്‍ക്കാണ് ഈ ഉത്തരവ് ബാധകം. സംഭവത്തില്‍ പരാതികളുയര്‍ന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നു. തുടര്‍ന്ന് വയനാട് ജില്ലാ കളക്ടറോട് നടപടിയെടുക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.