ബിനാമി സ്ഥാപനങ്ങളെ കുറിച്ച് രഹസ്യ വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് സൗദി

Share

റിയാദ്: സൗദിയില്‍ ബിനാമി സ്ഥാപനങ്ങളെ കുറിച്ച് രഹസ്യ വിവരം നല്‍കുന്നവര്‍ക്ക് വന്‍ തുക പാരിതോഷികം പ്രഖ്യാപിച്ച് സൗദി വാണിജ്യ മന്ത്രാലയം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ടെത്തപ്പെടുന്ന ബിനാമി ഇടപാടുകാരനെതിരേ ചുമത്തപ്പെടുന്ന പിഴയുടെ 30 ശതമാനം വിവരം നല്‍കിയ വ്യക്തിക്കോ സ്ഥാപനത്തിനോ നല്‍കുമെന്നാണ് പുതിയ പ്രഖ്യാപനം. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബിനാമി ഇടപാട് ശരിയാണെന്ന് തെളിയിക്കപ്പെട്ടാലുടന്‍ പിഴയുടെ 30 ശതമാനം വിവരം നല്‍കിയയാള്‍ക്ക് കൈമാറുമെന്നും മന്ത്രാലയം വ്യക്തമാക്കി.
നിലവില്‍ ബിനാമി ഇടപാടുകളുടെ പേരില്‍ പിടിക്കപ്പെടുന്ന സ്ഥാപനത്തിനും വ്യക്തിക്കുമെതിരേ 10 ലക്ഷം റിയാല്‍ പിഴ ചുമത്താനാണ് വാണിജ്യ മന്ത്രാലയത്തിന്റെ തീരുമാനം. ഇതനുസരിച്ച് 30 ശതമാനമായ മൂന്ന് ലക്ഷം റിയാല്‍ വിവരം നല്‍കിയ വ്യക്തിക്ക് പാരിതോഷികമായി ലഭിക്കും. രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങള്‍ അംഗീകൃത മാര്‍ക്കറ്റ് നിയമങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിലൂടെ ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിനുമുള്ള പദ്ധതിയുടെ ഭാഗമായാണ് നടപടി.
മന്ത്രാലയം ആരംഭിച്ച പുതിയ സേവനം വിശദീകരിച്ചു കൊണ്ട് ഫെഡറേഷന്‍ ഓഫ് സൗദി ചേംബേഴ്സ് രാജ്യത്തുടനീളമുള്ള എല്ലാ ചേംബര്‍ ഓഫ് കൊമേഴ്സിനും സര്‍ക്കുലര്‍ നല്‍കി. റിപ്പോര്‍ട്ടിംഗിനായി നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ വെബ്‌സൈറ്റ് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഇതിലൂടെ ബിനാമി ഇടപാടുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രീതികളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഉള്‍പ്പെടുന്നതാണ് സര്‍ക്കുലര്‍. മന്ത്രാലയത്തിന്റെ പുതിയ സേവനത്തെക്കുറിച്ചും ഇത് എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചും സ്വകാര്യമേഖലാ സ്ഥാപനങ്ങളെ ബോധവത്കരിക്കേണ്ടതിന്റെ പ്രാധാന്യവും സര്‍ക്കുലറില്‍ പറയുന്നുണ്ട്.