തിരുവനന്തപുരം: ഓട്ടോറിക്ഷകൾക്ക് ഇനി സംസ്ഥാനത്തെവിടെയും സർവീസ് നടത്താമെന്ന തീരുമാനവുമായി സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി. കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (എസ്.ടി.എ) യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമെടുക്കുകയും ഉത്തരവിറക്കുകയും ചെയ്തു. ഓട്ടോറിക്ഷകൾക്ക് ‘സ്റ്റേറ്റ് വൈഡ്’ പെർമിറ്റ് അനുവദിക്കുന്ന കാര്യം ഏറെയായി മോട്ടോർ വാഹനവകുപ്പിന്റെ പരിഗണനയിലുണ്ടായിരുന്നു. ഓട്ടോറിക്ഷ മേഖലയിലെ സി.ഐ.ടി.യുവിന്റെ അപേക്ഷ പരിഗണിച്ചാണ് എസ്.ടി.എ യോഗ അജണ്ടയിൽ വിഷയം ഉൾപ്പെടുത്തിയത്.
ദീർഘദൂര യാത്രക്ക് ഡിസൈൻ ചെയ്ത വാഹനമല്ല ഓട്ടോ റിക്ഷയെന്നും സീൽറ്റ് ബെൽറ്റ് ഉള്‍പ്പെടെ ഇല്ലെന്നും ദീർഘദൂര പെർമിറ്റുകള്‍ അനുവദിച്ചാൽ അപകടങ്ങൾ വർധിക്കുമെന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ വാദം. നിലവിൽ അതത് ജില്ലകളിൽ മാത്രമാണ് ഓട്ടോറിക്ഷകൾ ഓടാൻ പെർമിറ്റ് ലഭിക്കുന്നത്. ഇതോടൊപ്പം സമീപ ജില്ലയിൽ 20 കിലോമീറ്റർ ദൂരം കൂടി ഓടാം എന്ന വാക്കാലുള്ള അനുമതിയും ഉണ്ടായിരുന്നു. പഴയകാല ഓട്ടോറിക്ഷകൾ നിരത്തിലുണ്ടായിരുന്ന കാലത്താണ് പെർമിറ്റുകൾ ജില്ല അടിസ്ഥാനത്തിൽ പരിമിതപ്പെടുത്തിയത്. പഴയകാല ഓട്ടോറിക്ഷകളിൽ ഡ്രൈവറുടെ സീറ്റിന് താഴെയായാണ് എൻജിൻ. ഒരു മണിക്കൂർ ഓടുമ്പോഴേക്കും എൻജിൻ ചൂടാവുകയും വാഹനം നിർത്തി ഇടേണ്ടി വരുകയും ചെയ്യും. ഇപ്പോഴുള്ള ഓട്ടോകളെല്ലാം അത്യാധുനിക സംവിധാനങ്ങളുള്ളതാണെന്നും തുടർച്ചയായി എട്ടു മണിക്കൂർ വരെ ഓടിക്കാൻ കഴിയുമെന്നാണ് തൊഴിലാളികൾ പറയുന്നത്.