‘സൂപ്പര്‍മൂണ്‍ ബ്ലൂ മൂണ്‍’ എന്ന ചാന്ദ്രവിസ്മയത്തിന് ഇന്ന് ലോകം സാക്ഷ്യം വഹിക്കും. ഇന്ന് കാണുന്ന ഫുള്‍ മൂണ്‍ ‘സൂപ്പര്‍മൂണ്‍ ബ്ലൂ മൂണ്‍’ ആയിരിക്കുമെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ ശാസ്ത്രകുതുകികളെ അറിയിച്ചു. ഈസ്റ്റേണ്‍ ടൈം അനുസരിച്ച് ഓഗസ്റ്റ് 19-ാം തിയതി 2:26 PMനാണ് ഫുള്‍ മൂണ്‍ ദൃശ്യമാവുക. നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാൻ സാധിക്കുന്ന ഫുള്‍ ബ്ലൂ മൂൺ ഇന്ത്യന്‍സമയം രാത്രി 11.56 നാണ് കണ്ടുതുടങ്ങുക. ഈ ആകാശക്കാഴ്‌ച മൂന്ന് ദിവസം തുടരും.
നാല് ഫുള്‍ മൂണുകളുള്ള ഒരു സീസണിലെ മൂന്നാമത്തെ ഫുള്‍ മൂണിനെയാണ് സാധാരണയായി ബ്ലൂ മൂണ്‍ എന്ന് വിളിക്കുന്നത്. ഒരു കലണ്ടര്‍ മാസത്തിനിടെ ദൃശ്യമാകുന്ന രണ്ടാമത്തെ ഫുള്‍ മൂണും അറിയപ്പെടുന്നത് ബ്ലൂ മൂണ്‍ എന്നുതന്നെയാണ്. ജ്യോതിശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് നോള്‍ 1979ലാണ് ചന്ദ്രന്‍ ഭൂമിയുടെ 90 ശതമാനം അടുത്തെത്തുന്നതിന് സൂപ്പര്‍മൂണ്‍ എന്ന പേര് നല്‍കിയത്. ചന്ദ്രന്‍ ഭൂമിക്ക് ഏറ്റവും അരികിലേക്ക് എത്തുന്നതിലാണ് ഇത്ര പൂര്‍ണതയില്‍ ചന്ദ്രനെ ഭൂമിയില്‍ നിന്ന് നഗ്നനേത്രങ്ങള്‍ കൊണ്ട് ദര്‍ശിക്കാന്‍ കഴിയുന്നത്. ഈ വര്‍ഷം വരാനിരിക്കുന്ന നാല് സൂപ്പര്‍മൂണുകളില്‍ ആദ്യത്തേതാണ് ഓഗസ്റ്റ് 19ന് തെളിയുക. സെപ്റ്റംബറിലും ഒക്ടോബറിലും സൂപ്പര്‍മൂണുകള്‍ വരാനുണ്ട്. ഓഗസ്റ്റ് 19 ലെ സൂപ്പര്‍മൂണ്‍ എന്നത് ‘ബ്ലൂ മൂണ്‍’ കൂടിയാണ്.