കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം മനസിലാക്കാൻ കുട്ടികൾക്കായി പുതിയ പദ്ധതി

Share

കുടുംബ ബന്ധങ്ങളുടെ പ്രാധാന്യം കുട്ടികള്‍ക്ക് മനസ്സിലാക്കി കൊടുക്കുക എന്ന ലക്ഷ്യത്തോടെ ദുബായ് താമസ കുടിയേറ്റ വകുപ്പ് (ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്) പുതിയ പദ്ധതി ആരംഭിച്ചു. ‘മാതാപിതാക്കള്‍ക്കൊപ്പം ഒരു ദിവസം’ എന്ന പേരിലാണ് പദ്ധതി ആരംഭിക്കുക. കുട്ടികള്‍ക്ക് അവരുടെ മാതാപിതാക്കളുടെ ജോലി സ്ഥലങ്ങളില്‍ ഒരു ദിവസം മുഴുവന്‍ ചെലവഴിക്കാനും അവരുടെ ജോലിയുടെ പ്രാധാന്യങ്ങളും ഉത്തരവാദിത്തങ്ങളും മനസ്സിലാക്കാനും ഈ പദ്ധതി അവസരമൊരുക്കും.
ആറ് വയസിനും പതിനാറ് വയസിനുമിടയിലുള്ള ജീവനക്കാരുടെ 100 കുട്ടികളെ സംരംഭത്തില്‍ ഉള്‍പ്പെടുത്തി പ്രധാന ഓഫീസില്‍ നിന്ന് വിവിധ സ്ഥലങ്ങളിലെ ഡയറക്ടറേറ്റിന്റെ കേന്ദ്രങ്ങളിലേക്ക് പദ്ധതി വിപുലപ്പെടുത്തി. ദുബായ് എയര്‍പോര്‍ട്ട് ജിഡിആര്‍എഫ്എ സെക്ടര്‍, ഹത്ത ബോര്‍ഡ് ക്രോസിംഗ്, ലംഘകരുടെ ഷെല്‍ട്ടര്‍ സെന്റര്‍, ജബല്‍ അലി പോര്‍ട്ട് എന്നീ സ്ഥലങ്ങളിലെ ഓഫീസുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത് വിപുലീകരിച്ചത്. വിവിധ അഡ്മിനിസ്‌ട്രേഷന്‍ കെട്ടിടങ്ങളുടെയും സൗകര്യങ്ങളുടെയും ഗൈഡഡ് ടൂറുകളും ഇതിന്റെ ഭാഗമായി നടന്നു. പുതിയ തലമുറയും തൊഴില്‍ അന്തരീക്ഷവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും കുടുംബബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭമെന്ന് ദുബായിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് മേധാവി ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്‌മദ് അല്‍ മര്‍റി പറഞ്ഞു.
കൂടാതെ ജോലിസ്ഥലത്ത് മാതാപിതാക്കളുടെ റോളുകള്‍ കുട്ടികൾക്ക് മനസിലാക്കാനും ഓരോരുത്തരും ചെയ്യുന്ന ജോലികള്‍ അവരെ പരിചയപ്പെടുത്താനും അവരുടെ മനസ്സില്‍ ആഴത്തിലുള്ള സ്വാധീനം സൃഷ്ടിക്കാനും പ്രചോദിപ്പിക്കാനും ലക്ഷ്യമിട്ടാണ് പുതിയ സംരംഭം.