തൊഴില്‍- വിസ നിയമങ്ങള്‍ ലംഘിച്ച് കഴിയുന്നവർക്ക് അനുവദിച്ച പൊതുമാപ്പ് കാലാവധി ജൂൺ 30 ന് അവസാനിക്കും

Share

കുവൈത്ത്: തൊഴില്‍- വിസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് അനധികൃതമായി കഴിയുന്ന പ്രവാസികള്‍ക്ക് കുവൈറ്റ് പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ജൂണ്‍ 30-ന് അവസാനിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നേരത്തേ മൂന്ന് മാസത്തേക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ജൂണ്‍ 17ന് അവസാനിക്കേണ്ടതായിരുന്നുവെങ്കിലും ജൂണ്‍ 30ലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ പൊതുമാപ്പ് കാലാവധി കഴിയുന്നതോടെ നിയമ ലംഘകര്‍ക്കെതിരായ കര്‍ശന നടപടികള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പൊതുമാപ്പ് കാലാവധി ഉപയോഗപ്പെടുത്താതെ രാജ്യത്ത് കഴിയുന്ന അനധികൃത താമസക്കാര്‍ക്കെതിരായ സുരക്ഷാ, തിരച്ചില്‍ കാമ്പെയ്നുകള്‍ ഏകോപിപ്പിക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇന്നലെ പ്രത്യേക യോഗം ചേര്‍ന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എല്ലാ നിയമ ലംഘകര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കാന്‍ ആഭ്യന്തര, പ്രതിരോധ മന്ത്രി ശെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്
പൊതുമാപ്പ് ലഭിച്ച അപേക്ഷകരുടെ എണ്ണക്കൂടുതല്‍ കാരണമാണ് ജൂണ്‍ 30 വരെ നീട്ടിയത്. ഈ കാലയളവില്‍ ഒന്നുകില്‍ പിഴയില്ലാതെ രാജ്യം വിടാനും പുതിയ വിസയില്‍ മടങ്ങിവരാനുള്ള സൗകര്യം നിയമം ലംഘിച്ച് രാജ്യത്ത് കഴിയുന്ന പ്രവാസികള്‍ക്ക് നല്‍കിയിരുന്നു. അല്ലെങ്കില്‍ നിശ്ചിത സംഖ്യ പിഴയടച്ച് അവരുടെ താമസം നിയമവിധേയമാക്കി മാറ്റി രാജ്യത്ത് തുടരാനും അവരെ അനുവദിച്ചിരുന്നു. എന്നാല്‍ ഈ അവസരം ഉപയോഗപ്പെടുത്താത്തവര്‍ക്കെതിരേയാണ് കര്‍ശന നടപടി സ്വീകരിച്ചിരിക്കുന്നത്. ഒരു ലക്ഷത്തിലധികം അനധികൃത പ്രവാസികള്‍ രാജ്യത്ത് താമസിക്കുന്നുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. എന്നാല്‍ എത്ര പ്രവാസികള്‍ പൊതുമാപ്പിന്റെ പ്രയോജനം ഉപയോഗപ്പെടുത്തിയെന്ന് മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല.