തൃശൂർ: തൃശൂർ വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷനു സമീപം ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ എഞ്ചിനും ബോഗിയും വേർപെട്ടു. എറണാകുളം – ടാറ്റാനഗർ എക്സ്പ്രസ്സിന്റെ എഞ്ചിനും ബോഗിയുമാണ് വേർപെട്ടത്. തീവണ്ടിയുടെ വേഗത കുറവായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. കാലപ്പഴക്കം ചെന്ന ബോഗികളും സാങ്കേതിക വിഭാഗത്തിന്റെ വീഴ്ചകളുമാണ് ദക്ഷിണേന്ത്യയിൽ ഇത്തരം സംഭവങ്ങൾ വർദ്ധിക്കാൻ കാരണമാകുന്നുണ്ട്.
വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെ വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷന് മുൻപുള്ള പതിനഞ്ചാം പാലത്തിനു സമീപമായിരുന്നു സംഭവം. തീവണ്ടി റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിക്കാൻ ഒന്നര കിലോമീറ്റർ മാത്രം ദൂരമാണ് ബാക്കിയുണ്ടായിരുന്നത്. ഷൊർണൂരിൽ നിന്നും റെയിൽവേ ഉദ്യോഗസ്ഥരും റെയിൽവേ പോലീസും, മെക്കാനിക്കൽ വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. കേരള പോലീസും സ്ഥലത്തെത്തിയിരുന്നു. ഒരു മണിക്കൂറിനു ശേഷം വിട്ടുപോയ ഭാഗം കൂട്ടിയോജിപ്പിച്ച് തീവണ്ടി വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷനിലേക്ക് മാറ്റി. വിശദമായ സുരക്ഷാ പരിശോധനയ്ക്കു ശേഷം മാത്രമേ തീവണ്ടി യാത്ര തുടരൂ എന്ന് റെയിൽവേ അറിയിച്ചു. അതേസമയം ഈ സംഭവത്തെ തുടർന്ന് റെയിൽവേയുടെ ഔദ്യോഗിക വിശദീകരണം ഇതുവരെ വന്നിട്ടില്ല.