ദുബൈ: ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം എന്ന ലക്ഷ്യവുമായി ദുബായ് ഒരുങ്ങുന്നു. നിലവിൽ ദുബായ് ആല്‍മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതിയ പാസഞ്ചർ ടെർമിനല്‍ നിർമിക്കുന്ന രൂപരേഖക്ക് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആല്‍ മക്തൂം എന്നിവർ അംഗീകാരം നല്‍കി. നിർമാണം പൂർത്തിയാക്കി 10 വർഷത്തിനുള്ളില്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങള്‍ ഘട്ടംഘട്ടമായി ആല്‍ മക്തൂം വിമാനത്താവളത്തിലേക്ക് മാറ്റുന്നതിനാണ് ലക്ഷ്യമിടുന്നത്.
128 ശതകോടി ദിർഹം ചെലവഴിച്ചാണ് ആല്‍ മക്തൂമില്‍ വൻ പാസഞ്ചർ ടെർമിനല്‍ നിർമിക്കാൻ ഒരുങ്ങുന്നത്. ഈ വിമാനത്താവളത്തിന്റെ നിർമാണം പൂർത്തിയാകുന്നതോടെ ലോകത്തിൽ ഏറ്റവും കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളാൻ സാധിക്കുന്ന വിമാനത്താവള ടെർമിനലായി ഇത് മാറുമെന്നാണ് ശൈഖ് മുഹമ്മദ് എക്സ് അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയത്. ടെർമിനലിന് 26 കോടി യാത്രക്കാരെ ഉള്‍ക്കൊള്ളാനുളള ശേഷിയുണ്ടാകും. ദുബൈ ഏവിയേഷൻ കോർപറേഷന്‍റെ പദ്ധതികളുടെ ഭാഗമായി ടെർമിനല്‍ നിർമാണം ഉടൻ ആരംഭിക്കും. വിമാനത്താവളത്തിന് ചുറ്റും ഒരു വലിയ നഗരം തന്നെ നിർമിക്കുന്നതോടെ 10 ലക്ഷം പേർക്ക് ദുബൈ സൗത്തില്‍ വീട് ആവശ്യമായിവരുമെന്നും ലോകത്തെ പ്രധാന ലോജിസ്റ്റിക്സ്, ഗതാഗത മേഖല കമ്ബനികളുടെ കേന്ദ്രമായി ഇവിടം മാറുമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.