ദുബൈ: തിളക്കമാർന്ന നേട്ടം കരസ്ഥമാക്കി വീണ്ടും ദുബായ്. 2024 ലെ മികച്ച സമുദ്ര നഗരങ്ങളുടെ പട്ടികയിൽ അറബ് മേഖലയിൽ ഒന്നാം സ്ഥാനത്താണ് ദുബൈ. അതേസമയം ആഗോളതലത്തിൽ 11ാം സ്ഥാനത്താണ് ദുബൈയുള്ളത്. ലോകമെമ്പാടുമുള്ള സമുദ്ര നഗരങ്ങൾ വിലയിരുത്തുന്നതിൽ വൈദഗ്ധ്യമുള്ള കമ്പനികളായ ഡി.എൻ.വിയും മേനോൻ ഇക്കണോമിക്സും അടുത്തിടെ സിംഗപ്പൂരിൽ പുറത്തിറക്കിയ അന്താരാഷ്ട്ര റിപ്പോർട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
2022ലെ മുൻ റിപ്പോർട്ടിനെ അപേക്ഷിച്ച് ദുബൈ ഇത്തവണ രണ്ട് സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. നിലവിൽ 2024ലെ മുൻനിര മാരിടൈം ക്യാപിറ്റൽ സൂചികയിൽ ദുബൈയുടെ ഉയർച്ച അഞ്ച് പ്രധാന ഘടകങ്ങളിലാണ്. ഷിപ്പിങ് സെന്ററുകൾ, മാരിടൈം ടെക്നോളജി, തുറമുഖങ്ങളും ലോജിസ്റ്റിക്സും, ആകർഷണീയതയും മത്സരക്ഷമതയും, സാമ്പത്തികവും നിയമപരവുമായ വശങ്ങൾ എന്നീ സൂചികകളിലാണ് ദുബൈ മുന്നിട്ടുനിൽക്കുന്നത്. സമുദ്ര മേഖലയിൽ ഹരിത സാങ്കേതിക വിദ്യയിൽ ദുബൈയുടെ ഊന്നലും റിപ്പോർട്ട് എടുത്തുപറയുന്നുണ്ട്. 2024ലെ ലോകത്തിലെ മുൻനിര സമുദ്ര നഗരമെന്ന പദവി സിംഗപ്പൂർ നിലനിർത്തി.