കൊച്ചി: ആയിരക്കണക്കിന് അയ്യപ്പഭക്തിഗാനങ്ങളിലൂടെ ജനപ്രിയനായി മാറിയ പ്രശസ്ത സംഗീതജ്ഞന്‍ കെജി ജയൻ അന്തരിച്ചു. കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടിലായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. നടൻ മനോജ് കെ ജയൻ മകനാണ്. അറുപത് വർഷത്തോളം നീണ്ട സംഗീത ജീവിതത്തില്‍ സിനിമ ഗാനങ്ങളും ഭക്തി ഗാനങ്ങൾക്കും കെ ജി ജയന്‍ ഈണം പകർന്നു. 2019 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.
ഏകദേശം മുപ്പതോളം സിനിമകൾക്ക് സംഗീതം നൽകി 1968 ൽ പുറത്തിറങ്ങിയ ഭൂമിയിലെ മാലാഖ എന്ന മലയാള ചിത്രത്തിലൂടെയാണു സിനിമാരംഗത്തെത്തിയത്. ജയ വിജയന്മാർ സംഗീതം നൽകിയ ഭക്തിഗാനം ആദ്യമായി പാടിയത് പി ലീലയാണ്.ഇഷ്ടദൈവമേ സ്വാമി ശരണമയ്യപ്പ എന്ന ഗാനം ഏറെ പ്രശസ്തമായിരുന്നു.എച്ച് എം വി റെക്കോഡിംഗ് സ്റ്റുഡിയോ ജനറൽ മാനേജർ തങ്കയ്യയുടെ നിർദ്ദേശപ്രകാരമാണ് ഭക്തിഗാനങ്ങൾ ജയവിജയന്മാർ തന്നെ പാടിത്തുടങ്ങിയത്.ഇതിനു ശേഷം ഇരുവരും ചേർന്നു പാടിയ ശ്രീകോവിൽ നട തുറന്നൂ എന്ന ഗാനവും ഏറെ പ്രശസ്തമായി.പിന്നീട് തുടരെ തുടരെ അയ്യപ്പഭക്തിഗാനങ്ങളുമായി ജയവിജയന്മാർ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു. വിജയന്‍റെ മരണ ശേഷം എസ് രമേശൻ നായർ എഴുതി ജയൻ സംഗീതം നൽകിയ മയില്‍പ്പീലിയിലെ 9 ഭക്തിഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടു.1968 ൽ ഭൂമിയിലെ മാലാഖ മുതൽ മുപ്പതോളം മലയാളം തമിഴ് സിനിമകൾക്കും ജയന്‍ സംഗീതം നൽകി. ജയനും വിജയനും ചേർന്നു ചെമ്പൈ വൈദ്യനാഥ ഭാഗവതരെ കുറിച്ച് “ ചെമ്പൈ- സംഗീതവും ജീവിതവും “എന്ന പുസ്തകം രചിച്ചിട്ടുണ്ട്. രാജ്യം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. സംഗീത നാടക അക്കാഡമി അവാർഡ്, തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ “ കലാരത്നം “ ഭക്തിസംഗീത സമ്രാട്ട്,തത്ത്വമസി അവാർഡ് തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചു.