മസ്‍കറ്റ്: ഒമാനിലെ മഴക്കെടുതിയില്‍ മരണപ്പെട്ടവരുടെ എണ്ണത്തില്‍ വർധനവ്. മരിച്ചവരുടെ എണ്ണം 18 ആയി ഉയർന്നു. ശക്തമായ ഒഴുക്കില്‍പ്പെട്ട് കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. മരണപെട്ടവരിൽ 10 പേരും വിദ്യാർത്ഥികളാണ്. ആദ്യദിനം തന്നെ പെയ്ത കനത്ത മഴയിൽ പൊടുന്നനെ ഉണ്ടായ വെള്ളപ്പാച്ചിലാണ് മരണസംഖ്യ ഇത്രയും ഉയരാനിടയാക്കിയതെന്നാണ് റിപ്പോർട്ട്.
വെള്ളപ്പൊക്കത്തിൽ അകപ്പെട്ടവരെയും, കാണാതായവർക്കുമായി തിരച്ചില്‍ നടത്തുന്നത് സ്വദേശികളും സുരക്ഷാവിഭാഗവും സംയുക്തമായാണ്. നിരവധി വാഹനങ്ങളും ശക്തമായ ഒഴുക്കില്‍ ഒലിച്ചു പോവുകയുണ്ടായി. കഴിഞ്ഞ ദിവസം 7 പേരായിരുന്നു മഴക്കെടുതിയില്‍ ജീവൻ നഷ്ടപ്പെട്ടത്. അതിൽ ഒരു മലയാളിയുമുണ്ടായിരുന്നു. ന്യൂനമർദത്തിന്‍റെ സ്വാധീനം നിലനിൽക്കുന്ന ഒമാനിൽ വിവിധ ഗവർണറേറ്റുകളിൽ ശക്തമായ മഴ തുടരുകയാണ്. 17 വരെ മഴ നീണ്ടു നിൽക്കുമെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.