പകൽ ഇരുട്ടാക്കി അപൂര്‍വ സൂര്യഗ്രഹണം

Share

അപൂര്‍വ സൂര്യഗ്രഹണ കാഴ്ചയ്ക്ക് സാക്ഷ്യംവഹിച്ച് വടക്കേ അമേരിക്ക. അമ്പത് വർഷത്തിനിടെ ദൈർഘ്യമേറിയ സമ്പൂർണ സൂര്യഗ്രഹണമാണ് ഇന്നലെ ദൃശ്യമായത്. സൂര്യനെ പൂര്‍ണമായി മറയ്ക്കുന്ന ചന്ദ്രന്റെ കാഴ്ച്ച വടക്കേ അമേരിക്കയില്‍ മെക്‌സിക്കോയുടെ പസഫിക് തീരത്തെ മസറ്റ്‌ലാനിയിലാണ് ആദ്യമായി ദൃശ്യമായത്. പസഫിക് തീരം ഉള്‍പ്പെടെ പലയിടത്തം പകല്‍ ഇരുട്ടുമൂടിയിരുന്നു.
അമേരിക്ക, മെക്സിക്കോ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ 185 കിലോമീറ്ററിനുള്ളില്‍ വരുന്നിടത്താണ് സമ്പൂര്‍ണ സൂര്യഗ്രഹണം ദൃശ്യമായത്.
അവസാനമായി സൂര്യഗ്രഹണം ദൃശ്യമായത് കാനഡയിലെ ലാബ്രഡോര്‍, ന്യൂഫൗണ്ട്ലാന്‍ഡ് എന്നിവിടങ്ങളിലാണ്. ഇന്ത്യന്‍ സമയം തിങ്കള്‍ രാത്രി 9.12ന് ആരംഭിച്ച് ചൊവ്വ പുലര്‍ച്ചെ 2.20ന് സമാപിച്ചു. രണ്ടു മണിക്കൂറാണ് പൂര്‍ണ ഗ്രഹണത്തിന് എടുത്തത്. നാല് മിനിറ്റും 28 സെക്കന്റുമാണ് ചന്ദ്രന്‍ സൂര്യനെ പൂര്‍ണമായും മൂടുന്ന ഘട്ടം നീണ്ടത്. അമേരിക്കയിലെ പ്രശസ്തമായ നയാഗ്ര വെള്ളച്ചാട്ടത്തിലും സൂര്യഗ്രഹണം ദൃശ്യമായിരുന്നു.
നയാഗ്ര വെള്ളച്ചാട്ടം, മെക്സിക്കോ അമേരിക്കന്‍ അതിര്‍ത്തിയിലെ ഈഗിള്‍ പാസ് തുടങ്ങിയ ഇടങ്ങളില്‍ ആയിരക്കണക്കിനു പേരാണ് ഗ്രഹണം കാണാന്‍ കാത്തുനിന്നത്. അമേരിക്കന്‍ സമയം ഉച്ചയ്ക്ക് 2.27നാണ് ടെക്‌സസില്‍ സൂര്യഗ്രഹണം ദൃശ്യമായത്. ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ സൂര്യഗ്രഹണം ദൃശ്യമായിരുന്നില്ല. ലോകത്തിന്റെ പലഭാഗങ്ങളിലുള്ളവര്‍ക്ക് സൂര്യഗ്രഹണം ആസ്വദിക്കാന്‍ നാസ തത്സമയ സംപ്രേഷണം നടത്തിയിരുന്നു.