ഹൈറിച്ച് തട്ടിപ്പ് കേസ് സിബിഐയ്ക്ക് വിട്ടു

Share

തിരുവനന്തപുരം: നിക്ഷേപത്തിൽ കോടിയോളം രൂപ തട്ടിയെടുത്ത ഹൈറിച്ച് കേസ് സിബിഐയ്ക്ക് വിട്ടു. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഹൈറിച്ച് കേസ് പോലീസ് അന്വേഷിച്ചുവരികയാണെങ്കിലും ഇതുവരെ എത്രത്തോളം തട്ടിപ്പ് നടത്തിയെന്ന കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അതേസമയം നേരത്തെ, ഒളിവിലായിരുന്ന ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രധാന പ്രതികള്‍ ഇ ഡിയ്ക്കു മുമ്പാകെ ഹാജരായിരുന്നു. ഹൈറിച്ച് കമ്പനി ഉടമ കെ ഡി പ്രതാപന്‍, ഭാര്യ ശ്രീന എന്നിവരാണ് കൊച്ചി ഇ ഡി ഓഫീസില്‍ ഹാജരായത്.
മണിചെയിന്‍ മാര്‍ക്കറ്റിങ്ങിലൂടെ 1.63 ലക്ഷം നിക്ഷേപകരില്‍നിന്ന് പ്രതികള്‍ 1630 കോടി തട്ടിയെടുത്തെന്നാണ് തൃശ്ശൂര്‍ ചേര്‍പ്പ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ എഫ് ഐ ആറില്‍ പറയുന്നത്. കൂടാതെ 100 കോടിയില്‍പ്പരം രൂപ ഹവാലയായി വിദേശത്തേക്ക് കടത്തിയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതേക്കുറിച്ചാണ് ഇ ഡി അന്വേഷിക്കുന്നത്. ഇതിന്റെ ഭാഗമായി റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ കബളിപ്പിച്ച്, മുങ്ങിയ പ്രതികള്‍, മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കുകയയിരുന്നു. തുടര്‍ന്ന്, മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച കോടതി, പ്രതികള്‍ അന്വേഷണ സംഘത്തിനുമുന്‍പാകെ ഹാജരാകണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.