കാളികാവ്: മലപ്പുറം കാളികാവില്‍ വീണ്ടും കുഞ്ഞിന് നേരേ അതിക്രമം നടന്നതായി പരാതി. രണ്ടരവയസ്സുകാരിയെയാണ് പിതാവ് ക്രൂരമായി മര്‍ദിച്ചത്. സംഭവത്തില്‍ കുഞ്ഞിന്റെ പിതാവ് കാളികാവ് ചാഴിയോടിലെ തൊണ്ടിയില്‍ ജുനൈദി (30) നെ പോലീസ് അറസ്റ്റ് ചെയ്തു. മര്‍ദനത്തിനിരയായ കുട്ടി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.കുട്ടിയുടെ മാതാവ് പൂങ്ങോട് നാലുസെന്റ് കോളനിയിലെ ഫര്‍ഷാനയാണ് സംഭവത്തില്‍ പരാതി നല്‍കിയത്.
കുട്ടിയുടെ തലയിലും മുഖത്തും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും പാടുള്ളതായി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മാര്‍ച്ച് 21-നാണ് ജുനൈദ് കുഞ്ഞിനെ ക്രൂരമായി ഉപദ്രവിച്ചത്. ഉപ്പ മര്‍ദിച്ചുവെന്ന് കുട്ടി പറഞ്ഞതിനെ തുടര്‍ന്ന് വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രി വിട്ടെങ്കിലും കുട്ടിക്ക് വീണ്ടും അവശത തോന്നിയതിനെ തുടര്‍ന്ന് കാളികാവ് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ച കുട്ടിയെ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. മൂന്നു ദിവസമായിട്ട് കുട്ടി മെഡിക്കല്‍ കോളേജിലെ നാലാം വാര്‍ഡില്‍ ചികിത്സയിലാണ്. കുട്ടിയുടെ ചുമലിന് താഴെ ഭാഗത്ത് എല്ലിന് പൊട്ടല്‍ സംഭവിച്ചതായും പറയുന്നുണ്ട്. കുഞ്ഞിന്റെ തലയിലും മുഖത്തും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും മര്‍ദനമേറ്റ പാടുകളുണ്ടെന്നും മാതാവ് ആരോപിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷിക്കുമെന്നാണ് പോലീസ് അറിയിച്ചത്.