ദുബൈ: ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ കവറുകൾക്കും എമിറേറ്റിൽ ജൂൺ മുതൽ നിരോധനം വരും. പ്ലാസ്റ്റിക്കും അല്ലാത്തതുമായ എല്ലാ ബാഗുകളും നിരോധനത്തിൽ ഉൾപ്പെടുമെന്നാണ് ദുബൈ മുനിസിപ്പാലിറ്റി പുറത്തിറക്കിയ നിർദേശത്തിൽ വ്യക്തമാക്കിയിത്. ഈ വർഷം ആദ്യം മുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനവും അല്ലാത്ത ബാഗുകൾക്ക് 25 ഫിൽസ് ചാർജ് ഈടാക്കാനും നിർദേശിച്ചിരുന്നു. ഈ നടപടികളുടെ തുടർച്ചയായാണ് ജൂൺ 1 മുതൽ ദുബൈയിലെ റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ ബാഗുകളും നിരോധിക്കുന്നത്.
നിരോധനം പ്രാബല്യത്തിലായാൽ ഉപഭോക്താക്കൾക്ക് ബാഗുകൾക്ക് പകരം സംവിധാനം ഒരുക്കേണ്ട ബാധ്യത സ്ഥാപനങ്ങൾക്കുണ്ടാവില്ല. സാധനങ്ങൾ കൊണ്ടുപോകുന്നതിനുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന ബാഗുകൾ ഒഴിവാക്കുകയും പുനരുപയോഗിക്കാവുന്ന സ്വന്തം ബാഗുകൾ കൊണ്ടുവരാൻ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ബയോഡീഗ്രേഡബിൾ ബാഗുകൾ അടക്കം നിരോധനത്തിൽ ഉൾപ്പെടുമെന്നതാണ്.
അതേസമയം, നിരോധനത്തിൽനിന്ന് ബ്രഡ് ബാഗുകൾ, ഓൺലൈൻ പാക്കേജിങ്ങിന് ഉപയോഗിക്കുന്ന ബാഗുകൾ, ത്രാഷ് ബിന്നിൽ ഉപയോഗിക്കുന്ന കവറുകൾ, പച്ചക്കറികൾ-മാംസം-മത്സ്യം-ചിക്കൻ എന്നിവക്കുള്ള കവറുകൾ, ലോൺഡ്രി ബാഗുകൾ, ഇലക്ട്രോണിക് ഉപകരണ ബാഗുകൾ, മാലിന്യ സഞ്ചികൾ, ധാന്യ സഞ്ചികൾ എന്നിവക്ക് ഇളവുണ്ട്. ഘട്ടംഘട്ടമായുള്ള നിരോധനത്തിൽ 2025 ജനുവരി 1 മുതൽ, പ്ലാസ്റ്റിക് സ്റ്റെററുകൾ, സ്റ്റൈറോഫോം ഭക്ഷണപാത്രങ്ങൾ, പ്ലാസ്റ്റിക് ടേബിൾ കവറുകൾ, പ്ലാസ്റ്റിക് കോട്ടൺ സ്വാബ്സ്, പ്ലാസ്റ്റിക് സ്ട്രോകൾ, ഒറ്റത്തവണ ഉപയോഗിക്കുന്ന സ്റ്റൈറോഫോം കപ്പുകൾ എന്നിവ നിരോധിക്കും. 2026 ജനുവരി 1 മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കപ്പുകൾ, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കട്ട്ലറികൾ, പ്ലാസ്റ്റിക് ഭക്ഷണ പാത്രങ്ങൾ, പ്ലാസ്റ്റിക് പ്ലേറ്റുകൾ എന്നിവയും നിരോധിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവർക്ക് 200 ദിർഹം പിഴ ചുമത്തും. ഒരേ ലംഘനം ഒരു വർഷത്തിനുള്ളിൽ സംഭവിച്ചാൽ, പിഴ ഇരട്ടിയാകുമെന്നും പരമാവധി 2,000 ദിർഹം വരെ ചുമത്തുമെന്നാണ് അറിയിപ്പിൽ വ്യക്തമാക്കിയിട്ടുള്ളത്.