ദുബൈ: ലോകത്തെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള കുതിരയോട്ട മത്സരത്തിന് ദുബായിൽ തുടക്കം. ദുബൈ വേൾഡ് കപ്പിന്റെ 28ാമത് എഡിഷനാണ് ശനിയാഴ്ച ദുബൈ മെയ്ദാൻ റേസ്കോഴ്സിൽ നടക്കുന്നത്. എല്ലാവർഷവും ലോകശ്രദ്ധ നേടാറുള്ള വേൾഡ് കപ്പിൽ ഇത്തവണ 14 രാജ്യങ്ങളിലെ 125 കുതിരകളാണ് പോരിനിറങ്ങുന്നത്. രാജ്യത്തിനകത്തും പുറത്തുനിന്നുമായി പ്രമുഖരും, ആയിരക്കണക്കിന് കാണികളും വരുന്നതിനാൽ ഇത്തവണയും ഗാലറി ഒരുക്കുന്നത് നിരവധി പ്രതീക്ഷയോടെയാണ്.
അതേസമയം ദുബൈ റേസിങ് ക്ലബ് ഒരുക്കുന്ന മൽസരത്തിലെ വിജയികളെ കാത്തിരിക്കുന്നത് 3.5 കോടി ഡോളറാണ്. ചാമ്പ്യൻ കുതിരയുടെ ഉടമക്ക് 1.2 കോടി ഡോളർ സമ്മാനമാണ് ഈ മത്സരത്തിൽ ലഭിക്കുക. മാത്രമല്ല മൽസരത്തിന്റെ സമാപന ചടങ്ങിന് മുമ്പില്ലാത്ത സംവിധാനങ്ങളാണ് ഇത്തവണ സംഘാടകർ ഒരുക്കുന്നത്. ഡ്രോൺ, ലേസർ, ലൈറ്റിങ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് നടക്കുന്ന ഷോ ഗിന്നസ് വേൾഡ് റെക്കോർഡ് തകർക്കുന്ന രീതിയിലാണ് സംവിധാനം. എൽ.ഇ.ഡി ലൈറ്റുകൾക്കൊപ്പം 4,000 സ്പെഷ്യലൈസ്ഡ് ഡ്രോണുകൾ ഉപയോഗിച്ച് കൊണ്ട് ആകാശത്ത് വർണവിസ്മയം തീർക്കുന്ന ഷോ അരങ്ങേറും. സമാപന ചടങ്ങ് മുമ്പത്തേക്കാളും മികച്ചതാക്കാനാണ് പദ്ധയിട്ടിരിക്കുന്നതെന്ന് ദുബൈ റേസിങ് ക്ലബ്ബിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ മേജർ ജനറൽ ഡോ. മുഹമ്മദ് ഈസ അൽ അദാബ് പറഞ്ഞു.