ഇന്ത്യൻ ദേശീയ എഴുത്തുകാരനും പത്രപ്രവർത്തകനും പത്രാധിപരും രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ഓർമകൾക്ക് ഇന്ന് 108 വയസ്. തൂലിക പടവാളാക്കിയ പത്രപ്രവർത്തകൻ എന്ന നിലയിൽ ചിന്താസ്വാതന്ത്ര്യത്തിന്റെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും വക്താവ് തുടങ്ങിയ നിരവധി വിശേഷണങ്ങൾക്ക് അർഹനാണ് സ്വാദശാഭിമാനി രാമകൃഷ്ണപിള്ള.
സ്വദേശാഭിമാനി എന്ന മാസികയുടെ ഉടമയും സി പി ഗോവിന്ദ പിള്ള പത്രാധിപരുമായിരുന്നു വക്കം മൗലവി എന്നറിയപ്പെടുന്ന അബ്ദുൾ ഖാദർ മൗലവി. രാമകൃഷ്ണപിള്ള എഡിറ്റുചെയ്ത പത്രമായിരുന്നു സ്വദേശാഭിമാനി. പിന്നീട് 1906 ജനുവരിയിൽ ആണ് പത്രാധിപരായി ചുമതലയേറ്റത്. വക്കം മൗലവി പത്രത്തിൻ്റെ ഉടമസ്ഥതയിൽ തുടർന്നുവെങ്കിലും പത്രം നടത്താനുള്ള പൂർണ സ്വാതന്ത്ര്യം അദ്ദേഹം രാമകൃഷ്ണപിള്ളയ്ക്ക് നൽകിയിരുന്നു. അവർ തമ്മിൽ നിയമപരമോ സാമ്പത്തികമോ ആയ കരാറുകളൊന്നും ഉണ്ടായിരുന്നില്ല. എന്നിട്ടും തിരുവനന്തപുരത്ത് പ്രസ്സ് സ്ഥാപിക്കാനുള്ള എല്ലാ സാമ്പത്തിക സഹായവും മൗലവി നൽകി. ശാരദ എന്ന പേരിൽ ഒരു വനിതാ മാസികയും വിദ്യാർത്ഥി എന്ന പേരിൽ ഒരു വിദ്യാർത്ഥി മാസികയും കേരളൻ എന്ന പേരിൽ മറ്റൊരു മാസികയും രാമകൃഷ്ണ പിള്ള ആരംഭിച്ചു.
ഈ പത്രത്തിലൂടെ ആയിരുന്നു അദ്ദേഹം ബ്രിട്ടീഷുകാരുടെ ഭരണത്തിനും പഴയ തിരുവിതാംകൂർ നാട്ടുരാജ്യത്തിനുമെതിരെയുള്ള ശക്തമായ ആയുധമായും, സാമൂഹിക പരിവർത്തനത്തിനുള്ള ഉപകരണമായും ഉപയോഗിച്ചിരുന്നത്. സംസ്ഥാനത്തെ അഴിമതിക്കും സമൂഹത്തിലെ അനീതിക്കുമെതിരെ പിന്നീട് സ്വദേശാഭിമാനിയുടെ തൂലിക ചലിച്ചു. രാജകീയ പത്നിയായ പാണപ്പിള്ള അമ്മയ്ക്ക് സ്വകാര്യ കൊട്ടാരങ്ങൾ നിർമ്മിച്ച് മഹാരാജാവിൻ്റെ മകളുടെ കല്യാണം പരസ്യമായി ആഘോഷിച്ചുകൊണ്ട് വലിയ ചിലവുകൾ വരുത്തിയതിനെ വിമർശിച്ചുകൊണ്ട് അദ്ദേഹം മൂലം തിരുനാൾ മഹാരാജാവിനെ തന്നെ പ്രകോപിപ്പിച്ചിരുന്നു. പക്ഷെ പിന്നീട് തിരുവിതാംകൂർ ദിവാൻ, പി. രാജഗോപാലാചാരി, മഹാരാജാവ് എന്നിവരെ വിമർശിച്ചത് ഒടുവിൽ പത്രം കണ്ടുകെട്ടുന്നതിലേക്ക് നയിച്ചു. രാമകൃഷ്ണപിള്ളയെ 1910-ൽ തിരുവിതാംകൂറിൽ നിന്ന് അറസ്റ്റ് ചെയ്യുകയും നാടുകടത്തുകയും ചെയ്തു.
നാടുകടത്തിനുശേഷം വിവിധ ഇടങ്ങളിലായായിരുന്നു രാമകൃഷ്ണപിള്ളയുടെ താമസം. അങ്ങനെ 1915 ൽ കണ്ണൂരിലെത്തി. എന്നാൽ വിശ്രമമില്ലാത്ത ജീവിതം അദ്ദേഹത്തെ രോഗിയാക്കി മാറ്റി. തന്റെ 38 ആം വയസ്സിൽ 1916 മാർച്ച് 28 ന് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള അന്തരിച്ചു. വൃത്താന്ത പത്രപ്രവർത്തനം, കാൾ മാർക്‌സ് എന്നിവ അദ്ദേഹത്തിൻ്റെ മലയാളത്തിലെ ഏറ്റവും ശ്രദ്ധേയമായ കൃതികളാണ്.