റിയാദ്: ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള സൗദി അറേബ്യയുടെ നാമനിർദേശ ഫയലിന്റെ ഭാഗമായി ഔദ്യോഗിക ലോഗോ പ്രകാശനം ചെയ്തതായി സൗദി ഫുട്ബാൾ ഫെഡറേഷൻ പ്രഖ്യാപിച്ചു. ‘വളരുന്നു, ഞങ്ങൾ ഒരുമിച്ച്’ എന്ന ശീർഷകത്തോട് കൂടിയതാണ് ലോഗോ. saudi2034bid.com എന്ന ഔദ്യോഗിക വെബ്‌സൈറ്റും ലോഞ്ച് ചെയ്തു. കഴിഞ്ഞവർഷം ഒക്ടോബറിലാണ് ലോകകപ്പ് ടൂർണമെൻറിന് ആതിഥേയത്വം വഹിക്കാൻ ഉദ്ദേശിക്കുന്നതായി സൗദി വെളിപ്പെടുത്തിയത്. തുടർന്ന് ഔദ്യോഗിക നാമനിർദേശ കത്ത് ഇൻറർനാഷണൽ ഫെഡറേഷൻ ഓഫ് അസോസിയേഷൻ ഫുട്ബാളിന് (ഫിഫ) സൗദി ഫുട്ബാൾ ഫെഡറേഷൻ അയച്ചിരുന്നു. ഫുട്ബാൾ ലോകത്തെ ഏറ്റവും ത്വരിതഗതിയിലുള്ള വളർച്ചയും സൗദി അറേബ്യ സാധ്യമാക്കിയ വലിയ പരിവർത്തനവും ധ്വനിപ്പിക്കുന്നതാണ് ലോഗോ എന്ന് സൗദി ഫുട്ബാൾ ഫെഡറേഷൻ പത്രപ്രസ്താവനയിൽ പറഞ്ഞു. ലോഗോയുടെ രൂപകൽപ്പന രാജ്യത്തിെൻറ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിെൻറയും യുവജനങ്ങളുടെയും ഊർജസ്വലവുമായ സമൂഹത്തിെൻറയും സത്തയെ പ്രതിഫലിപ്പിക്കുന്നതാണ്. ലോഗോയിൽ 34 എന്ന സംഖ്യയുടെ രൂപത്തിൽ ഫുട്ബാളുമായി ബന്ധപ്പെട്ട വിവിധ ചിഹ്നങ്ങളുടെ വർണ്ണാഭമായ വരകൾ അടങ്ങിയിരിക്കുന്നു. ഇത് ലോകകപ്പിെൻറ 25ാം പതിപ്പായ 2034ലെ ടൂർണമെന്റിനെ സൂചിപ്പിക്കുന്നു. സൗദിയുടെ ഭൂമിശാസ്ത്രപരമായ ഭൂപടത്തിെൻറ ആകൃതിയിലാണ് ലോഗോ. അഞ്ച് വ്യത്യസ്ത നിറങ്ങൾ ഉൾക്കൊള്ളുന്നു. ഇത് സൗദി സമൂഹത്തെയും രാജ്യത്തിെൻറ ആകർഷകമായ ഭൂപ്രദേശത്തെയും ചിത്രീകരിക്കുന്ന മഹത്തായ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്നതാണ്. ഔദാര്യവും ആധികാരികതയും ഉൾക്കൊള്ളുന്ന ഓറഞ്ച് നിറം, മരുപ്പച്ചകളുടെ സൗന്ദര്യം പ്രതിഫലിപ്പിക്കുന്ന പച്ച നിറം, ചെങ്കടലിലെ പവിഴപ്പുറ്റുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ചുവപ്പ് നിറം, ലാവെൻഡർ പൂവിെൻറ നിറങ്ങൾ പ്രതിഫലിപ്പിക്കുന്ന ലാവെൻഡർ നിറം, കൂടാതെ ശോഭനമായ ഭാവിയിലേക്കുള്ള സൗദി ജനതയുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും ഉൾക്കൊള്ളുന്ന മഞ്ഞ നിറം എന്നിവയാണ് നിറങ്ങൾ. നിലവിലെയും മുൻകാല ഫുട്ബാൾ താരങ്ങളുടെയും പങ്കാളിത്തത്തോടെ സൗദിയുടെ വിവിധ പ്രദേശങ്ങളിൽ ചിത്രീകരിച്ചതാണ് ലോഗോയുമായി ബന്ധപ്പെട്ട വീഡിയോ. ഇത് ഫുട്ബാളിനോടുള്ള സൗദി ജനതയുടെ വലിയ അഭിനിവേശം വിവരിക്കുന്നു.