വിദേശ വിദ്യാര്‍ഥികള്‍ക്ക് ഇനി സ്റ്റുഡന്റ് വിസ അനുവദിക്കും

Share

റിയാദ്: വിദേശ വിദ്യാര്‍ഥികള്‍ക്ക് സ്റ്റുഡന്റ്സ് വിസ അനുവദിച്ച് സൗദി അറേബ്യ. ഫെബ്രുവരി 29 ന് റിയാദില്‍ സമാപിച്ച ദ്വിദിന ഹ്യൂമന്‍ കപ്പാസിറ്റി ഇനിഷ്യേറ്റീവ് കോണ്‍ഫറന്‍സിലാണ് പ്രഖ്യാപനം. വിദേശ വിദ്യാര്‍ഥികളെയും അക്കാദമിക് വിദഗ്ധരെയും ആകര്‍ഷിച്ച് സൗദി അറേബ്യയുടെ വിദ്യാഭ്യാസ, ഗവേഷണ മേഖലകള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനാണ് പുതിയ സ്റ്റുഡന്റ് വിസ പദ്ധതി ആരംഭിച്ചത്. ഇത് പ്രകാരം സൗദി അറേബ്യയിലെ യൂണിവേഴ്സിറ്റികളില്‍ പഠിക്കുന്ന വിദ്യർത്ഥികൾക്കാണ് പുതിയ വിസ പദ്ധതി നടപ്പാക്കിയതെന്ന് സമ്മേളനത്തില്‍ വച്ച് സൗദി വിദേശകാര്യമന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായി വിസ പദ്ധതി ലോഞ്ച് ചെയ്തു. ‘സ്റ്റഡി ഇന്‍ കെഎസ്എ’ എന്ന പദ്ധതി വഴിയാണ് സ്റ്റുഡന്റ്സ് വിസ നല്‍കുക. നിലവില്‍ സൗദി അറേബ്യയിലെ യൂണിവേഴ്സിറ്റികളില്‍ വിദേശ വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ടെങ്കിലും ഇത് സ്റ്റുഡന്റ് വിസയിലുള്ളവരല്ല. രാജ്യത്ത് താമസിക്കുന്ന വിദേശി മാതാപിതാക്കളുടെ ആശ്രിത വിസയിലാണ് അവര്‍ക്ക് ഇഖാമ അനുവദിക്കുന്നത്. സ്റ്റുഡന്റ് വിസ അനുവദിക്കുന്നതോടെ വിദേശ രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് തന്നെ പ്രവേശനാനുമതി ലഭിക്കും. ബിരുദ-ബിരുനാദന്തര കോഴ്‌സുകള്‍ക്കും ഹ്രസ്വകാല സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്കുമെല്ലാം സ്റ്റുഡന്റ് വിസ ലഭിക്കും. സൗദിയില്‍ പഠിക്കാനാഗ്രഹിക്കുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഇത് ഗുണകരമാകുന്നതാണ്.