കോഴിക്കോട്: കൊയിലാണ്ടിയില്‍ സിപിഐഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി. കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി പുളിയോറ വയലിൽ പി.വി. സത്യനാഥിനെയാണ് ഉത്സവപ്പറമ്പിൽവെച്ച് വെട്ടി കൊലപ്പെടുത്തിയത്. പെരുവട്ടൂര്‍ ചെറിയപുരം ക്ഷേത്രത്തിന് സമീപം വെച്ചാണ് സംഭവം.
സംഭവത്തിൽ പെരുവട്ടൂര്‍ മുൻ ബ്രാഞ്ച് കമ്മിറ്റിയംഗമായ പുറത്തോന അഭിലാഷ് കുറ്റംസമ്മതിച്ചു.
വ്യക്തി വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ അഭിലാഷ് മൊഴി നൽകിയത്. പാർട്ടി തർക്കങ്ങളിൽ സത്യനാഥ് സ്വീകരിച്ച നിലപാടാണ് വ്യക്തി വിരോധത്തിന് വഴിവെച്ചത്. കൊല നടത്തിയത് തനിച്ചാണെന്നും അഭിലാഷ് പൊലീസിന് മൊഴി നൽകി.
സത്യനാഥിന്റെ അയൽവാസി കൂടിയായ അഭിലാഷ് കൊയിലാണ്ടി നഗരസഭയിലെ രണ്ട് ചെയർമാന്മാരുടെ ഡ്രൈവറായും ജോലി ചെയ്തിരുന്നു. പാർട്ടിയുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളിൽ അഭിലാഷ് പങ്കാളിയായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. മുൻ ഏരിയ സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണമുണ്ടായപ്പോൾ അഭിലാഷ് മാരകായുധങ്ങളുമായി കാവൽ നിന്നിരുന്നതായും, ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണ് അഭിലാഷ് എന്നും പറയപ്പെടുന്നു.
വ്യാഴാഴ്ച രാത്രി 10 നാണ് സി.പി.എം കൊയിലാണ്ടി ടൗൺ സെൻട്രൽ ലോക്കൽ സെക്രട്ടറിയായ സത്യനാഥിനെ വെട്ടിക്കൊലപ്പെടുത്തിയത്. പെരുവട്ടൂരിലെ ചെറിയപ്പുറം ക്ഷേത്രത്തിൽ ഗാനമേള നടക്കുന്നതിനിടെ ക്ഷേത്ര ഓഫീസിന് സമീപത്തു വെച്ചാണു വെട്ടേറ്റത്. സത്യനാഥിനെ പ്രതിയായ പെരുവട്ടൂർ പുറത്താന സ്വദേശി അഭിലാഷ് മഴു ഉപയോഗിച്ച് വെട്ടുകയായിരുന്നു. കഴുത്തിനും പുറത്തും നാല് വെട്ടേറ്റ സത്യനാഥിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തെ തുടർന്ന് കൊയിലാണ്ടി ഏരിയയിൽ ഇന്ന് സിപിഐഎം ഹർത്താൽ പ്രഖ്യാപിച്ചു. രാവിലെ 6 മണി മുതൽ വൈകീട്ട് 6 മണി വരെ വരെയാണ് ഹര്‍ത്താല്‍.