തിരുവനന്തപുരം: സംസ്ഥാനത്ത് ആറു ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. സാധാരണയെക്കാള്‍ 2 – 3 °C കൂടുതല്‍ ചൂട് രേഖപ്പെടുത്താന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. കൊല്ലം ജില്ലയിലാണ് ഉയര്‍ന്ന താപനില (37°C). മറ്റു ജില്ലകളിൽ ഉയര്‍ന്ന താപനില 36°C വരെയാണ്.
ചൂട് കൂടുന്ന സാഹചര്യത്തിൽ ആരോഗ്യത്തിൽ ശ്രദ്ധിക്കണെമന്നും നിർദ്ദേശമുണ്ട്. പകൽ 11 മുതൽ 3 വരെ നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. പരമാവധി ചൂട് വെള്ളം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിർജലീകരണം ഉണ്ടാക്കുന്ന മദ്യം, കാപ്പി, ചായ കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയവ പകൽ സമയത്ത് ഒഴിവാക്കുന്നത് നല്ലതായിരിക്കും. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഓ ആർ എസ് ലായനി, സംഭാരം തുടങ്ങിയവ ഉപയോഗിക്കാം. അയഞ്ഞ ഇഴം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. മാർക്കറ്റുകൾ, കെട്ടിടങ്ങൾ മാലിന്യ ശേഖരണ- നിക്ഷേപ കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിൽ തീപിടിത്തങ്ങൽ വർദ്ധിക്കാൻ സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്.