അബുദാബി: യുഎഇയില്‍ നാളെയും മറ്റന്നാളും കനത്ത മഴ മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അസ്ഥിര കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ കനത്ത മഴപെയ്‌തേക്കുമെന്നാണ് മുന്നറിയിപ്പ്. കാലാവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നതിനാല്‍ രാജ്യത്തുടനീളമുള്ള സ്‌കൂളുകള്‍ കുറച്ച് ദിവസത്തേക്ക് വിദൂര പഠനം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് രാവിലെ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ മൂടല്‍മഞ്ഞ് രൂപപ്പെട്ടിരുന്നു. ചിലയിടങ്ങളില്‍ ശക്തമായ കാറ്റും അനുഭവപെട്ടു.
കഴിഞ്ഞയാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയും തണുപ്പും ഇടിമിന്നലും മണിക്കൂറോളം നീണ്ട കനത്ത ആലിപ്പഴ വര്‍ഷവും ഉണ്ടായിരുന്നു. ഇത് വ്യാപകമായ വെള്ളപ്പൊക്കത്തിനും കാരണമായി. ഓഫിസുകള്‍ വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. നിലവിൽ അസ്ഥിര കാലാവസ്ഥ തുടരുന്നതിനാൽ ദൂരക്കാഴ്ച കുറയുന്നതിനാലും പാതകളില്‍ വെള്ളക്കെട്ടുകള്‍ ഉണ്ടാവാമെന്നതിനാലും മറ്റ് വാഹനങ്ങളില്‍ നിന്ന് സുരക്ഷിതമായ അകലം പാലിക്കാനും നിർദ്ദേശമുണ്ട്. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം വാഹനങ്ങള്‍ നിരത്തിലിറക്കുകയും, റോഡുകൾ കാണാൻ വ്യക്തതയില്ലെങ്കിൽ വാഹനങ്ങളില്‍ ലോ-ബീം ഹെഡ്ലൈറ്റുകള്‍ തെളിയിക്കുകയും ചെയേണ്ടതാണ്.