ന്യൂഡല്‍ഹി: തിങ്ക് ആൻഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനമായ ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടിസ് ആവശ്യവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ബ്യൂറോ ഓഫ് ഇമിഗ്രേഷനോട് നോട്ടിസ് ഇറക്കാൻ ആവശ്യപ്പട്ടിരിക്കുകയാണ് ഇഡി. ഫെബ്രുവരി ആദ്യ ആഴ്ചയിലാണ് ഇഡി ബ്യൂറോ ഓഫ് ഇമിഗ്രേഷനെ സമീപിച്ചത്. ആവശ്യം അംഗീകരിച്ചാല്‍ ബൈജൂസിന് കനത്ത തിരിച്ചടിയാകും നേരിടേണ്ടി വരുന്നത്.
നിലവില്‍ കടുത്ത പ്രതിസന്ധിയിലാണ് ബൈജൂസ്. സാമ്ബത്തിക പ്രശ്നങ്ങള്‍ക്കൊപ്പം ലുക്ക് ഔട്ട് നോട്ടിസ് കൂടി വന്നാല്‍ ബൈജുവിനെ സംബന്ധിച്ചിടത്തോളം കനത്ത വെല്ലുവിളിയാകും. ബൈജുവിന്റെ വിദേശ യാത്രകള്‍ ഉള്‍പ്പെടെ നിർത്തലാവുകയും. നിലവില്‍ ദുബൈയിലുള്ള ബൈജുവിന് ഇന്ത്യയിലേക്ക് അല്ലാതെ മറ്റു രാജ്യത്തേക്ക് യാത്ര ചെയ്യാൻ കഴിയില്ല.
ഒന്നര വർഷം മുമ്ബ് ബൈജു രവീന്ദ്രനെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇഡിയുടെ കൊച്ചി ഓഫീസിന്റെ നിർദേശ പ്രകാരമായിരുന്നു ലുക്ക് ഔട്ട് നോട്ടിസ്. എന്നാല്‍, ബൈജു രവീന്ദ്രൻ വിദേശത്തേക്ക് പോകുന്നത് തടയണമെന്നാവശ്യപ്പെട്ടാണ് അന്ന് പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടിസില്‍ ഭേദഗതി വരുത്തണമെന്ന് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോള്‍ ഇഡി അന്വേഷണം പുരോഗമിക്കുന്നത്.