വയനാട്ടിൽ വൻ പ്രതിഷേധം; കാട്ടാനയെ മയക്കുവെടി വെയ്ക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ

Share

മാനന്തവാടി: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ വൻ പ്രതിഷേധം. മാനന്തവാടി നഗരത്തിലും മെഡിക്കൽ കോളജ് ആശുപത്രിക്ക് മുമ്പിലുമാണ് നാട്ടുകാർ തടിച്ചുകൂടി പ്രതിഷേധിക്കുന്നത്. സ്ഥലത്തെത്തിയ കലക്ടറെയും എസ്.പിയെയും പ്രതിഷേധക്കാർ തടഞ്ഞു. മാനന്തവാടിയിലെ പ്രധാന റോഡുകളായ മാനന്തവാടി- കോഴിക്കോട്, മാനന്തവാടി- മൈസൂരു, മാനന്തവാടി- തലശ്ശേരി റോഡുകളാണ് പ്രതിഷേധക്കാർ ഉപരോധിച്ചത്. ഇതേതുടർന്ന് വാഹന ഗതാഗതം പൂർണമായി സ്തംഭിച്ചു.
ഇന്ന് രാവിലെയാണ് മാനന്തവാടി പയ്യമ്പള്ളിയിലെ ജനവാസകേന്ദ്രത്തിൽ ഇറങ്ങിയ കാട്ടാന ചാലിഗദ്ദ പനച്ചിയിൽ അജീഷിനെ ആക്രമിച്ചത്. സുഹൃത്തിന്‍റെ വീട്ടുമുറ്റത്ത് വെച്ചാണ് കാട്ടാന അജിയെ ആക്രമിച്ചത്. ഗുരുതര പരിക്കേറ്റ അജിയെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനയെ മയക്കുവെടി വെക്കാൻ ഉടൻ ഉത്തരവിറങ്ങുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു.
അതേസമയം കാട്ടാന ആക്രമണം നടന്ന് മൂന്ന് മണിക്കൂർ കഴിഞ്ഞിട്ടും ഉത്തരവാദപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയില്ലെന്ന് വാർഡ് കൗൺസിലർ ടി.ഡി. ജോൺസൺ അറിയിച്ചു. ആനയെ കുറിച്ചുള്ള ഒരു വിവരവും വനം വകുപ്പ് ഉദ്യോഗസ്ഥർ കൈമാറിയില്ലെന്നും കൗൺസിലർ ചൂണ്ടിക്കാട്ടി. കർണാടകയിലെ റോഡിയോ കോളർ ഘടിപ്പിച്ച കാട്ടാനയാണ് ജനവാസകേന്ദ്രത്തിൽ ഇറങ്ങിയത്. രാത്രിയിലും പ്രദേശത്ത് ആനയുടെ സാന്നിധ്യം ഉണ്ടായിരുന്നു. റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാനയുടെ സാന്നിധ്യം തുടരുന്ന സാഹചര്യത്തിൽ മാനന്തവാടി നഗരസഭയിലെ കുറുക്കൻമൂല, കുറുവ, കാടൻ കൊല്ലി, പയ്യമ്പള്ളി ഡിവിഷനുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.