കൊച്ചി: ഡോ. വന്ദനാദാസ് കൊലക്കേസ് സിബിഐയ്ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് വന്ദനയുടെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. പോലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ബോധപൂര്‍വമായി ഗുരുതരമായ വീഴ്ചയോ കുറ്റകൃത്യമോ സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയാണ് ഹർജി ഹൈക്കോടതി തള്ളിയത്. അതേസമയം കേസിലെ പ്രതി സന്ദീപിന്‍റെ ജാമ്യാപേക്ഷയും കോടതി തള്ളി. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയോ കുറ്റകൃത്യം സംഭവിക്കുകയോ ചെയ്‌തെന്ന് കോടതിയ്ക്ക് ബോധ്യപ്പെട്ടാലാണ് കേസ് സിബിഐ പോലുള്ള ഏജന്‍സികള്‍ക്ക്കൈമാറുള്ളത്. എന്നാൽ കേസില്‍ 90 ദിവസത്തിനുള്ളില്‍ തന്നെ അന്വേഷണം പൂര്‍ത്തിയാക്കി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ഈ കേസില്‍ സന്ദീപ് മാത്രമാണ് പ്രതിയെന്നും, മറ്റാർക്കും പങ്കില്ലാത്തതിനാൽ അന്വേഷണത്തിൽ ഇടപെടാൻ സാഹചര്യം ഇല്ലെന്ന് കോടതി നിരീക്ഷിച്ചു. സന്ദീപിനൊപ്പം ആശുപത്രിയിലെത്തിയ പോലീസിന്‍റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകൾ ഒഴിച്ചാൽ അന്വേഷണത്തിൽ ഗുരുതരമായ പിഴവുകളൊന്നും ഹർജിക്കാർക്ക് ചൂണ്ടിക്കാണിക്കാൻ കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ കേസില്‍ മറ്റൊരു ഏജന്‍സി അന്വേഷണം നടത്തേണ്ട ആവശ്യമില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കഴിഞ്ഞവർഷം മെയ് 10നായിരുന്നു വന്ദനാദാസ് കൊല്ലപ്പെട്ടത്. ഹൗസ് സര്‍ജനായിരുന്ന ഡോ. വന്ദന കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിചെയ്യുന്നതിനിടെയാണ് സംഭവം.