അപകടങ്ങൾ പകർത്തുന്നത് നിയമവിരുദ്ധം; കനത്ത നടപടി എടുക്കുമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം

Share

ദോഹ: അപകടങ്ങളോ മറ്റ് അത്യാഹിതങ്ങളോ ഉണ്ടാവുമ്പോള്‍ ഫോട്ടോകള്‍ പകര്‍ത്തുന്നത് കുറ്റകരമാണെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. അനധികൃത സാഹചര്യങ്ങളില്‍ അപകട ഫോട്ടോകള്‍ പകര്‍ത്തുന്നത് സ്വകാര്യതാ നിയമങ്ങളുടെ ലംഘനമാണെന്നും നിയമപരമായ പ്രത്യാഘാതങ്ങള്‍ക്ക് വിധേയമാകുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. അപകടത്തിന്റെ ഫോട്ടോയെടുക്കുന്നവര്‍ക്ക് 10,000 ഖത്തര്‍ റിയാല്‍ വരെ പിഴയും രണ്ട് വര്‍ഷം തടവും ശിക്ഷ ലഭിക്കും. നിയമങ്ങള്‍ പാലിക്കുന്നത് നിങ്ങളുടെ അവബോധത്തെ പ്രതിഫലിപ്പിക്കുകയും മറ്റുള്ളവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുന്നുവെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ശിക്ഷാ നിയമത്തിലെ ആര്‍ട്ടിക്കിള്‍ 333 ഉദ്ധരിച്ചാണ് ആഭ്യന്തര മന്ത്രാലയത്തിന്റെമുന്നറിയിപ്പ്. മറ്റൊരാളുടെ സ്വകാര്യ ജീവിതത്തിലേക്ക് അവരുടെ സമ്മതമില്ലാതെയും അനധികൃതമായും നുഴഞ്ഞുകയറുന്നവര്‍ക്ക് രണ്ട് വര്‍ഷം വരെ തടവോ അല്ലെങ്കില്‍ 10,000 റിയാലില്‍ കൂടാത്ത പിഴയോ രണ്ടു ശിക്ഷകളും ഒരുമിച്ച് ലഭിക്കുമെന്നാണ് അറിയിപ്പ്.