ട്യൂഷൻ ആവാം പക്ഷെ സ്വന്തം സ്കൂൾ കുട്ടികളെ പഠിപ്പിക്കരുത്

Share

ദു​ബൈ: സ്വ​കാ​ര്യ ട്യൂ​ഷ​നു​ക​ൾ​ക്ക് വ​ർ​ക്ക് പെ​ർ​മി​റ്റ് നേ​ടു​ന്ന അ​ധ്യാ​പ​ക​ർ സ്വന്തം സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ട്യൂ​ഷ​ൻ എ​ടു​ക്കാ​ൻ പാ​ടി​ല്ലെ​ന്ന്​ മുന്നറിയിപ്പ്. ക​ഴി​ഞ്ഞ ഡി​സം​ബ​റിൽ പ്രഖ്യാപിച്ച പു​തി​യ നി​യ​മപ്രകാരം യോ​ഗ്യ​രാ​യ അ​ധ്യാ​പ​ക​ർ​ക്ക് വ്യ​ക്​​തി​പ​ര​മാ​യും ഗ്രൂ​പ്പു​ക​ളാ​യും​ സ്വ​കാ​ര്യ ട്യൂ​ഷ​ൻ പെ​ർ​മി​റ്റി​ന്​ അ​പേ​ക്ഷി​ക്കാവുന്നതാണ്. ഇ​ത്ത​ര​ത്തി​ൽ അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ക്കു​ള്ള പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ലാ​ണ്​ സ്വ​ന്തം സ്കൂ​ളി​ലെ കു​ട്ടി​ക​ളാ​ക​രു​തെ​ന്ന നി​ബ​ന്ധ​ന ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.
നിലവിൽ യോ​​ഗ്യ​രാ​യ അ​ധ്യാ​പ​ക​ർ​ക്ക് ര​ണ്ട് വ​ർ​ഷ​ത്തേ​ക്കാ​ണ് സ്വ​കാ​ര്യ ട്യൂ​ഷ​നു​ക​ളെ​ടു​ക്കു​ന്ന​തി​നാ​യി പെ​ർ​മി​റ്റ് ല​ഭി​ക്കു​ക. എന്നാൽ ട്യൂ​ഷൻ പഠന സമയങ്ങളിൽ വി​ദ്യാ​ർ​ഥി​ക​ളെ വാ​ക്കാ​ലോ ശാ​രീ​രി​ക​മാ​യോ ശി​ക്ഷി​ക്ക​രു​ത്, ര​ക്ഷി​താ​ക്ക​ളു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും വി​വ​ര​ങ്ങ​ൾ സ്വ​കാ​ര്യ​മാ​യി സൂ​ക്ഷി​ക്ക​ണം, രാ​ജ്യ​ത്തെ നി​യ​മ​ങ്ങ​ളോ​ടും സം​സ്കാ​ര​ത്തോ​ടും യോ​ജി​ക്കാ​ത്ത​തോ തീ​വ്ര​വാ​ദ​പ​ര​മോ മ​റ്റോ ആ​യ ആ​ശ​യ​ങ്ങ​ൾ കു​ട്ടി​ക​ൾ​ക്ക് പ​ക‍‍ർ​ന്നു​ന​ൽ​ക​രു​ത് തു​ട​ങ്ങി​യ പെ​രു​മാ​റ്റ​ച്ചട്ടം പാലിക്കണമെന്ന നിർദ്ദേശമുണ്ട്.
അ​ധ്യാ​പ​ക​ർ അ​ന​ധി​കൃ​ത​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ സ്വ​കാ​ര്യ ട്യൂ​ഷ​ൻ എ​ടു​ക്കു​ന്ന​ത്​ ത​ട​യു​ക​യും പ​ഠ​ന​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ മി​ക​ച്ച ട്യൂ​ഷ​ൻ ല​ഭി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​മൊ​രു​ക്കു​ക​യു​മാ​ണ്​​ പെ​ർ​മി​റ്റ്​ ന​ൽ​കു​ന്ന​തി​ലൂ​ടെ മാ​ന​വ വി​ഭ​വ ശേ​ഷി, സ്വ​ദേ​ശി​വ​ത്​​ക​ര​ണ മ​ന്ത്രാ​ല​യം ല​ക്ഷ്യ​മി​ടു​ന്ന​ത്. സ​ർ​ക്കാ​ർ-​സ്വ​കാ​ര്യ സ്കൂ​ളു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത അ​ധ്യാ​പ​ക​ർ, സ​ർ​ക്കാ​ർ, സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​ർ, തൊ​ഴി​ൽ ര​ഹി​ത​ർ, 15 മു​ത​ൽ 18 വ​രെ പ്രാ​യ​മു​ള്ള യൂ​നി​വേ​ഴ്​​സി​റ്റി വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ​ക്ക്​ ​പെ​ർ​മി​റ്റി​ന്​ അ​പേ​ക്ഷി​ക്കാം. സൗ​ജ​ന്യ​മാ​യാ​ണ്​ പെ​ർ​മി​റ്റ്​ അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന​ത്. ഭാ​ഷ, സ​യ​ൻ​സ്​ തു​ട​ങ്ങി ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ൾ പ​ഠി​പ്പി​ക്കാ​വു​ന്ന​തു​മാ​ണ്. മാ​ന​വ​വി​ഭ​വ ശേ​ഷി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്​​ഫോ​മു​ക​ൾ വ​ഴി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചാ​ൽ അ​ഞ്ച്​ പ്ര​വൃ​ത്തി​ദി​ന​ത്തി​നു​ള്ളി​ൽ പെ​ർ​മി​റ്റ്​ അ​നു​വ​ദി​ക്കും. മ​ന്ത്രാ​ല​യം അം​ഗീ​ക​രി​ച്ച പെ​രു​മാ​റ്റ​ച്ച​ട്ടം അ​ട​ങ്ങി​യ രേ​ഖ​യി​ൽ ഒ​പ്പി​ട്ടു ന​ൽ​കി​യാ​ൽ ര​ണ്ട്​ വ​ർ​ഷ​ത്തേ​ക്കാ​ണ്​ പെ​ർ​മി​റ്റ്​ അ​നു​വ​ദി​ക്കു​ക. ​പെ​ർ​മി​റ്റി​ല്ലാ​തെ സ്വ​കാ​ര്യ ട്യൂ​ഷ​ൻ ന​ട​ത്തി​യാ​ൽ പി​ഴ ഈ​ടാ​ക്കാ​നും പു​തി​യ നി​യ​മ​ത്തി​ൽ വ്യ​വ​സ്ഥ ചെ​യ്യു​ന്നു​ണ്ട്.