കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസ്; അന്വേഷണം നീളരുതെന്ന് ഹൈക്കോടതി

Share

കൊച്ചി: തൃശൂരിലെ കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പുകേസില്‍ അന്വേഷണം അനിശ്ചിതമായി നീളരുതെന്ന് ഇഡിയോട് ഹൈക്കോടതി. കരവന്നൂരിലെ ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണെന്നും സഹകരണസംഘങ്ങള്‍ കോടീശ്വരന്മമാര്‍ക്കുള്ളതല്ല, സാധാരണക്കാര്‍ക്കുള്ളതാണെന്നും കോടതി വ്യക്തമാക്കി. സ്വത്ത് കണ്ടുകെട്ടിയതും ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതും റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതികളിലൊരാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശങ്ങള്‍. കേസുമായി ബന്ധപ്പെട്ട് അന്വേഷണം എവിടെവരെയായെന്ന് ഇഡിയോട് കോടതി ആരാഞ്ഞു. അന്വേഷണം തുടരുന്നുവെന്നാണ് ഇഡി ഇതിന് മറുപടി നല്‍കിയത്. ഇതോടെയാണ് അന്വേഷണം നീട്ടിക്കൊണ്ടുപോകരുതെന്ന് കോടതി നിര്‍ദേശിച്ചത്. സാധാരണക്കാര്‍ കഠിനാധ്വാനം ചെയ്ത് നിക്ഷേപിക്കുന്ന പണമാണിവിടെയുള്ളത്. എന്നാല്‍, ഇന്ന് ഈ പണം നഷ്ടമാകുന്ന സ്ഥിതിയുണ്ട്. ഇതിലൂടെ സഹകരണ ബാങ്കുകളുടെ വിശ്വാസ്യതയാണ് നഷ്ടപ്പെടുന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.