റോഡിൽ അഭ്യാസപ്രകടനം വേണ്ട; കഴിവുകള്‍ കാണിക്കാന്‍ പ്രത്യകം സ്ഥലം അനുവദിക്കും

Share

തിരുവനന്തപുരം: റോഡിൽ അഭ്യാസപ്രകടനം പാടില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ഫ്രീക്കന്മാരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ പ്രത്യേക സൗകര്യമൊരുക്കുമെന്നും, റോഡ്ന് പകരം മറ്റൊരു സ്ഥലം കണ്ടെത്തിയാൽ അതിനുള്ള നിയമാനുമതി നൽകാമെന്നും മന്ത്രി അറിയിച്ചു. ഓരോ ജീവനും പ്രാധാന്യം നൽകുകയാണ് സർക്കാർ ലക്ഷ്യം, ഫ്രീക്കന്മാരെ സർക്കാർ അവഗണിക്കില്ല അവരുടെ കഴിവുകള്‍ കാണിക്കാന്‍ പ്രത്യകം സ്ഥലം കണ്ടെത്തുമെന്ന് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് മന്ത്രി അറിയിച്ചത്.
മാത്രമല്ല, സ്ഥലം കണ്ടെത്തിയാൽ ഇൻഷുറൻസും മറ്റു രേഖകളും ഉണ്ടെങ്കിൽ മാത്രമേ നിയമപരമായി അനുമതി നൽകുകയുള്ളൂ. അതേസമയം ലേണേഴ്‌സ് പരീക്ഷയിലെ മാറ്റങ്ങളും മന്ത്രി വിശദമാക്കി. ആർ ടി ഓഫീസിൽ നിന്ന് ഒരു ദിവസം 20 ലൈസൻസിലധികം അനുവദിക്കരുതെന്നും തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കി ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കും. വാഹനം ഓടിക്കുന്നതിലും പ്രധാനം വാഹനം കൈകാര്യം ചെയ്യുന്നതാണെന്ന് മന്ത്രി പറഞ്ഞു. പ്രായോഗിക പരീക്ഷയിൽ കൂടുതൽ നിബന്ധനകളും ഏർപ്പെടുത്തുമെന്നും, ലൈസൻസ് കൊടുക്കുന്ന നടപടി കർശനമാക്കുമെന്നും മന്ത്രി നേരത്തെ അറിയിച്ചിരുന്നു