മലയാള ചലച്ചിത്രലോകത്ത് നിരവധി ഹിറ്റുകൾ സംഭാവന ചെയ്‌ത പ്രശസ്‌ത സംഗീത സംവിധായകൻ കെ ജെ ജോയ് അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ചെന്നൈയിലായിരുന്നു അന്ത്യം. തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശിയാണ്. എൺപതുകളിൽ പാട്ടിന്റെ ലോകത്ത് കയ്യൊപ്പ് തീർത്ത കെ ജെ ജോയ് മലയാള സിനിമ ലോകത്ത് തിളക്കമാർന്ന ഒരു വ്യക്തിത്വമായിരുന്നു. ഇരുനൂറിലേറെ സിനിമകളില്‍ അദ്ദേഹം സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ സിനിമയില്‍ ആദ്യമായി കീബോര്‍ഡ് ഉപയോഗിച്ച സംഗീത സംവിധായകനാണ് കെ ജെ ജോയ്.
1975 ല്‍ ‘ലൗ ലെറ്റര്‍’ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. കസ്തൂരി മാന്‍മിഴി, എന്‍ സ്വരം പൂവിടും, അക്കരെ ഇക്കരെ നിന്നാലെങ്ങനെ, സ്വര്‍ണ മീനിന്റെ ചേലൊത്ത കണ്ണാളെ, കാലിത്തൊഴുത്തില്‍ പിറന്നവനെ തുടങ്ങിയ നിരവധി ഹിറ്റ് ഗാനങ്ങള്‍ക്ക് സംഗീതമൊരുക്കി. നടന്‍ ജയന്റെ നിരവധി സിനിമകള്‍ക്കും ഇദ്ദേഹം സംഗീതമൊരുക്കിയിട്ടുണ്ട്.
നിരവധി ഹിറ്റ് ഗാനങ്ങളുടെ ശില്‍പിയായ ഇദ്ദേഹത്തിന് മലയാള ചലച്ചിത്രഗാനലോകത്തെ ആദ്യത്തെ ടെക്നോ മ്യൂസീഷ്യൻ എന്ന വിശേഷണവുമുണ്ട്. മലയാള ചിത്രം ‘ലവ് ലെറ്റർ’ (1975) ആയിരുന്നു ആദ്യമായി സ്വതന്ത്രസംഗീത സംവിധാനം നിർവ്വഹിച്ച ചിത്രം. ‘ലിസ,’ ‘സർപ്പം,’ ‘മുത്തുച്ചിപ്പി’ തുടങ്ങി ഏകദേശം 65ഓളം മലയാളചലച്ചിത്രങ്ങൾക്ക് സംഗീതവും പകർന്നു. പന്ത്രണ്ടോളം ഹിന്ദി ചലച്ചിത്രങ്ങള്‍ക്കും പശ്ചാത്തല സംഗീതമൊരുക്കിയിട്ടുണ്ട്.