സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ പരിരക്ഷയ്ക്ക് അബുദാബിയിൽ മെഡിക്കല്‍ സിറ്റി

Share

അബുദാബി: ആരോഗ്യ പരിരക്ഷയ്ക്കായി പ്രത്യേക മെഡിക്കല്‍ സിറ്റി നിർമ്മിക്കാൻ ഒരുങ്ങി അബുദാബി. സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ, സുരക്ഷ ഉറപ്പ് വരുതുന്നതാണ് ഈ പദ്ധതി. അബുദാബി കിരീടാവകാശിയും, എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പദ്ധതിക്ക് അനുമതി നല്‍കി. ഷെയ്ഖ് ഖലീഫ മെഡിക്കല്‍ സിറ്റി (എസ്‌കെഎംസി), കുട്ടികളുടെ പരിചരണത്തിനായുള്ള സെന്റര്‍ ഓഫ് എക്സലന്‍സ് (സിഒഇ), സ്ത്രീകളുടെയും നവജാത ശിശുക്കളുടെയും ആരോഗ്യത്തിനായി സമര്‍പ്പിച്ചിരിക്കുന്ന കോര്‍ണിഷ് ആശുപത്രി, പുനരധിവാസ കേന്ദ്രം, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള മാനസികാരോഗ്യ കേന്ദ്രം എന്നിവ മെഡിക്കല്‍ സിറ്റിയില്‍ ഉള്‍പ്പെടും.

മാത്രമല്ല, മെഡിക്കൽ സിറ്റിയിൽ യു എ ഇക്ക് പുറമേ ലോകമെമ്പാടുമുള്ള കുട്ടികള്‍ക്ക് ഏറ്റവും മികച്ച പരിചരണം നല്‍കുകയും, ഏറ്റവും ഉയര്‍ന്ന വൈദഗ്ധ്യമുള്ള 200-ലധികം ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തുകയും ചെയ്യും. അതേസമയം, ഓങ്കോളജി, ഒഫ്താല്‍മോളജി, ന്യൂറോ സര്‍ജറി, കരള്‍-വൃക്ക-കുടല്‍ മാറ്റിവയ്ക്കല്‍, ഗ്യാസ്‌ട്രോഎന്‍ട്രോളജി, ഹൃദ്രോഗ വിഭാഗം എന്നിവ ഉള്‍പ്പെടെ 29 പ്രത്യേക വിഭാഗങ്ങള്‍ ഇവിടെയുണ്ടാവും. മാനസികാരോഗ്യ സേവനങ്ങള്‍ക്കായി 10 കിടക്കകളും, ദീര്‍ഘകാല പീഡിയാട്രിക് ഹെല്‍ത്ത് കെയറിനായി 100 കിടക്കകളും ഉള്‍പ്പെടെ 250 കുട്ടികളെ കിടത്തിചികില്‍സിക്കാനുള്ള സൗകര്യങ്ങളും സെന്റര്‍ ഓഫ് എക്സലന്‍സില്‍ സജ്ജമാക്കും.