അബുദാബി: ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ആദ്യത്തെ യുഎഇ പൗരനെയും അറബ് ബഹിരാകാശയാത്രികനെയും അയക്കാന്‍ രാജ്യം തയ്യാറെടുക്കുന്നു. പുതിയ ബഹിരാകാശ പദ്ധതിയുടെ ഭാഗമായി ഒരു ചാന്ദ്ര ബഹിരാകാശ നിലയം നിര്‍മിക്കാനും തീരുമാനിച്ചു. നാസയും മറ്റു ചില രാജ്യങ്ങളും ചേര്‍ന്നുള്ള ബഹിരാകാശ പദ്ധതിയിലാണ് യുഎഇ അംഗമാവുന്നത്.
നാസയുടെ ലൂണാര്‍ ഗേറ്റ്വേ സ്റ്റേഷനില്‍ യുഎസ്, ജപ്പാന്‍, കാനഡ, യൂറോപ്യന്‍ യൂണിയന്‍ എന്നിവയ്ക്കൊപ്പമാണ് യുഎഇയും പങ്കാളിത്തം പ്രഖ്യാപിച്ചത്. നാസയും യുഎഇയിലെ മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്ററും (എംബിആര്‍എസ്സി) ചന്ദ്രനിലേക്ക് പോകുന്നതിനുള്ള ബഹിരാകാശ പേടകം വികസിപ്പിക്കുന്നതിനുള്ള കരാറില്‍ ഒപ്പുവച്ചു.
യുഎഇയുടെ ബഹിരാകാശ ദൗത്യവുമായി ബന്ധപ്പെട്ട് രണ്ട് കേന്ദ്രങ്ങള്‍ രാജ്യത്ത് സ്ഥാപിക്കാനൊരുങ്ങുന്നതിനൊപ്പം തന്നെ ചന്ദ്രനിലയത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഒരു ഓപറേഷന്‍ സെന്ററും ബഹിരാകാശ യാത്രികരുടെ പരിശീലനത്തിനായി മറ്റൊരു കേന്ദ്രവും നിര്‍മിക്കും. കൂടാതെ ചാന്ദ്ര ബഹിരാകാശ നിലയത്തിന് ആവശ്യമായ ശാസ്ത്രജ്ഞരെയും, സാങ്കേതികജ്ഞാനവും മറ്റ് അറിവുകളും യുഎഇ ലഭ്യമാക്കും. പരിശീലന കേന്ദ്രത്തിന്റ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ 2025ലും ചന്ദ്രനിലയത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള കേന്ദ്രം 2030ലും തുടങ്ങുമെന്നാണ് പ്രതീക്ഷ.
ഗേറ്റ്വേ ലൂണാര്‍ ബഹിരാകാശ നിലയത്തിന്റെ വികസന ദൗത്യത്തില്‍ പങ്കുചേരുന്ന വേളയില്‍ യുഎഇയുടെ നേതൃത്വത്തെയും ജനങ്ങളെയും അറബ് ലോകത്തെയും അഭിനന്ദിക്കുകയാണെന്ന് ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രസ്താവിച്ചു. 21ാം നൂറ്റാണ്ടിലെ ബഹിരാകാശ പര്യവേക്ഷണ രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര ശ്രമങ്ങളിലൊന്നായി പദ്ധതി മാറുമെന്നും 2030ല്‍ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ആദ്യത്തെ യുഎഇ പൗരനും അറബ് ബഹിരാകാശ സഞ്ചാരിയും ചന്ദ്രനിലേക്ക് യാത്ര ചെയ്യുമെന്നും ഷെയ്ഖ് ഹംദാന്‍ പ്രത്യാശിച്ചു.