പുതിയ മന്ത്രിമാരായി കെ.ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും ചുമതലയേറ്റു

Share

തിരുവനന്തപുരം: മന്ത്രി പദവി സ്ഥാനത്തേയ്ക്ക് വീണ്ടും കെ.ബി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും. രാജ്ഭവനില്‍ വെച്ച് നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുത്തതോടെ മന്ത്രിമാരായി ഇരുവരും ചുമതലയേറ്റു. സത്യപ്രതിജ്ഞ ചടങ്ങിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഘടകകക്ഷി നേതാക്കളും പങ്കെടുത്തു. സഗൗരവമാണ് കടന്നപ്പള്ളി സത്യപ്രതിജ്ഞ ചെയ്തത്. ദൈവനാമത്തിലാണ് ഗണേഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തത്.

മന്ത്രിമാരായ അഹമ്മദ് ദേവര്‍കോവിലും ആന്റണി രാജുവും രണ്ടര വര്‍ഷം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ച സാഹചര്യത്തിലാണ് പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ. എല്‍ഡിഎഫ് മുന്‍ ധാരണ പ്രകാരമായിരുന്നു രാജി. കെ.ബി ഗണേഷ് കുമാറിന് ഗതാഗതവും രാമചന്ദ്രന്‍ കടന്നപ്പള്ളിക്ക് തുറമുഖ – പുരാവസ്തു വകുപ്പുകളുമാകും ലഭിക്കുക. ഇത് മൂന്നാം തവണയാണ് കടന്നപ്പള്ളി രാമചന്ദ്രൻ മന്ത്രിയാകുന്നത്. ആറ് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ അനുഭവത്തിന്റെ കരുത്തുമായാണ് കടന്നപ്പള്ളി വീണ്ടും മന്ത്രിസഭയിലേക്കെത്തുന്നത്. 2001-ല്‍ മുതൽ അഞ്ചുതവണയായി ഒരേ മണ്ഡലത്തെ പ്രതിനിധീകരിച്ച കെ.ബി. ഗണേഷ് കുമാര്‍ മൂന്നാം തവണയാണ് മന്ത്രിയാവുന്നത്. ഇടതുമുന്നണി സര്‍ക്കാരിന് അഭിമാനകരമാകുന്ന കുറച്ചു പദ്ധതികള്‍ നടപ്പാക്കണമെന്ന് ആഗ്രഹമുണ്ടെന്നും മുഖ്യമന്ത്രിയുടേയും മറ്റ് മന്ത്രിമാരുടേയും ജനങ്ങളുടേയും പിന്തുണയുണ്ടെങ്കില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് ഗണേഷ് കുമാർ പറഞ്ഞിരുന്നു.അതേസമയം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തശേഷം ആദ്യമായി കെബി ഗണേഷ് കുമാറും രാമചന്ദ്രന്‍ കടന്നപ്പള്ളിയും മാധ്യമങ്ങളോട് പ്രതികരിച്ചു. പ്രതിപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ചും കെഎസ്ആര്‍ടിസിയെ അപകടാവസ്ഥയില്‍നിന്ന് കരകയറ്റുമെന്നും വ്യക്തമാക്കിയായിരുന്നു മന്ത്രി കെ ബി ഗണേഷ് കുമാറിന്‍റെ പ്രതികരണം. ഏതുവകുപ്പായാലും സത്യസന്ധമായി കൈകാര്യം ചെയ്യുമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും പറഞ്ഞു. മുഖ്യമന്ത്രി നല്‍കുന്ന ഏതു വകുപ്പും നല്ലരീതിയില്‍ കൈകാര്യം ചെയ്യും. ഏതു വകുപ്പാണെന്ന കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.