കൊച്ചി: മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപി ഹൈകോടതിയിൽ മുൻകൂർ ജാമ്യഹർജി സമർപ്പിച്ചു. സുരേഷ് ഗോപിക്കെതിരെ പൊലീസ് ഗുരുതര വകുപ്പുകൾ ചുമത്തിയതിന് പിന്നാലെയാണ് മുൻകൂർജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.
ഒക്ടോബർ 27 ന് കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു പരാതിക്കിടയായ സംഭവം.
ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കിടെ മാധ്യമപ്രവര്‍ത്തകയുടെ തോളിൽ സുരേഷ്‌ഗോപി അനുവാദമില്ലാതെ പിടിക്കുകയായിരുന്നു. ഒഴിഞ്ഞുമാറിയ ശേഷവും ഇത് ആവര്‍ത്തിച്ചപ്പോൾ മാധ്യമപ്രവര്‍ത്തക കൈ തട്ടിമാറ്റി. തുടർന്ന് സ്ത്രീത്വത്തെ അപമാനിക്കുകയും മോശം ഉദ്ദേശത്തോടെ പെരുമാറുകയും ചെയ്ത സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവർത്തക സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകി. പരാതിയിൽ ജാമ്യമില്ലാ വകുപ്പടക്കം ചുമത്തി പൊലീസ് കേസെടുക്കുകയും ചെയ്തു.
കുറ്റപത്രത്തിൽ ഐ.പി.സി 354ാം വകുപ്പ് കൂടി ഉൾപ്പെടുത്തിയ പശ്ചാത്തലത്തിലാണ് സുരേഷ് ഗോപി ഹൈകോടതിയെ സമീപിച്ചത്. തന്നെ ചോദ്യം ചെയ്യാൻ വിളിക്കുമ്പോൾ ഈ വകുപ്പ് ഉൾപ്പെടുത്തിയിരുന്നില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. ഹർജി ഹൈകോടതിയുടെ അവധിക്കല ബെഞ്ച് ഇന്ന് പരിഗണിക്കും. സംഭവം വിവാദമായതോടെ വാത്സല്യത്തോടെയാണ് മാധ്യമപ്രവര്‍ത്തകയോട് പെരുമാറിയതെന്നും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെട്ടിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നെന്നും സുരേഷ് ഗോപി പറഞ്ഞെങ്കിലും പരാതിക്കാരി കേസുമായി മുന്നോട്ട് പോവുകയായിരുന്നു.