നെയ്യാറ്റിൻകരയിൽ നടപ്പാലം തകർന്നുണ്ടായ അപകടം; സംഘാടകരുടെ അനാസ്ഥയെന്ന് രാഷ്ട്രീയ പാർട്ടികൾ

Share

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ താത്ക്കാലിക നടപ്പാലം തകർന്നുണ്ടായ അപകടത്തെ ചൊല്ലി രാഷ്ട്രീയ പോര്. ഇന്നലെ രാത്രിയാണ് ക്രിസ്മസിനോടനുബന്ധിച്ച് പൂവാർ തിരുപുറം പഞ്ചായത്ത് നടത്തിയ തിരുപുറം ഫെസ്റ്റിവലിൽ അപകടമുണ്ടായത്. അപകടത്തിൽ മുപ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ അപകടത്തിന് കാരണം സംഘാടകരുടെ അനാസ്ഥയാണെന്നും, സുരക്ഷാസംവിധാനം ഒരുക്കുന്നതിൽ പിഴവ്പറ്റിയെന്നാരോപിച്ച് രാഷ്ട്രീയപാർട്ടികൾ രംഗത്തെത്തി. അതേസമയം നിലവാരം കുറഞ്ഞ തടി ഉപയോഗിച്ചു പാലം നിർമിച്ചതുമാണ് അപകടകാരണമെന്ന ആക്ഷേപം നാട്ടുകാരും ഉയർത്തുന്നുണ്ട്.
ക്രിസ്തുമസ് ഫെസ്റ്റിവലിന്റെ ഭാഗമായി പുല്‍ക്കൂടും, അലങ്കാരക്കൂടാരങ്ങളും. വെള്ളച്ചാട്ടവും ഒരുക്കിയിരുന്നു. ഒരേസമയം നിരവധി പേർ വെള്ളച്ചാട്ടം കാണാൻ പാലത്തിൽ കയറിയതാണ് തകർച്ചയ്ക്ക് ഇടയാക്കിയത്. പരിക്കേറ്റവരെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലേക്കും മിംസ് ആശുപത്രിയിലേക്കും മാറ്റി. മൂന്ന് പേർക്ക് ഗുരുതരമാണെന്നാണ് വിവരം. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയേക്കും.