ദോഹ: ഖത്തറിലെ ഏറ്റവും വലിയ വാണിജ്യമേളയായ ‘ഷോപ് ഖത്തർ’ പുതുവർഷത്തിൽ ആരംഭിക്കും. വിവിധ ഹൈപർമാർക്കറ്റുകളും ഷോപ്പിങ് മാളുകളും ഉൾപ്പെടെ പങ്കാളികളാകുന്ന എട്ടാമത് പതിപ്പിനാണ് ഖത്തർ തെയ്യാറെടുക്കുന്നത്. ‘യുവർ ഷോപ്പിങ് പ്ലേ ഗ്രൗണ്ട്’ എന്ന പ്രമേയത്തിലാണ് മേള നടക്കുക.
പ്ലേസ് വെൻഡോം, ദോഹ ഫെസ്റ്റിവൽ സിറ്റി, മാൾ ഓഫ് ഖത്തർ, ഹയാത്ത് പ്ലാസ, സിറ്റി സെന്റർ മാൾ, ലാൻഡ്മാർക്ക് മാൾ, തവാർ മാൾ, അൽ ഹസം മാൾ, മുശൈരിബ് ഗലേറിയ, ഗൾഫ് മാൾ, അൽ ഖോർ മാൾ, ലഗൂണ മാൾ, യു.ഡി.സി, ദി പേൾ ഖത്തർ എന്നിവയുൾപ്പെടെ 13 മാളുകളാണ് ഷോപ് ഖത്തറിൽ പങ്കാളികളാകുന്നത്.
ജനുവരി ഒന്നിന് ആരംഭിക്കുന്ന മേള ജനുവരി 27 നാണ് അവസാനിക്കുക. മാളുകൾക്ക് പുറമെ, അന്താരാഷ്ട്ര ബ്രാൻഡുകളും പങ്കാളികളാകും. മാത്രമല്ല വമ്പൻ സമ്മാനങ്ങളും മേളയിൽ ഒരുക്കിയിട്ടുണ്ട്. ഖത്തറിലെ പ്രശസ്ത മ്യൂസിക് ബാൻഡായ റൂഹ് അൽ ഷാർഖിന്റെ പരിപാടിയോടെ പ്ലേസ് വെൻഡോം മാളിൽ നടക്കുന്ന ഉദ്ഘാടനച്ചടങ്ങോടെയാണ് ഷോപ് ഖത്തർ ആരംഭിക്കുക. പ്ലേസ് വെൻഡോമിന്റെ ഡാൻസിങ് ഫൗണ്ടെയ്നുകളിൽ നിർമിച്ച സ്റ്റേജിലാണ് സംഗീത പരിപാടി നടക്കുക.