റോബിൻ ബസ് നിരത്തിലിറങ്ങി; പിന്നാലെ എം വി ഡി യും

Share

കൊച്ചി: പെർമിറ്റ് ലംഘനം നടത്തിയതിൽ മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്ത റോബിൻ ബസ് വീണ്ടും സർവീസ് ആരംഭിച്ചു. പത്തനംതിട്ട-കോയമ്പത്തൂർ റൂട്ടിലാണ് സർവീസ് ആരംഭിച്ചത്. എന്നാൽ മുന്‍കൂട്ടി ബുക്കുചെയ്തിട്ടുള്ള 41 യാത്രക്കാരുമായി സർവീസ് ആരംഭിച്ച റോബിൻ ബസിനെ ഒരു കിലോമീറ്റർ കഴിഞ്ഞതും മൈലപ്രയിൽ വെച്ച് എം വി ഡി തടയുകയും തുടർപരിശോധന നടത്തുകയും ചെയ്തു. യാത്രക്കാരുടെ ലിസ്റ്റ് പരിശോധിച്ച ശേഷം മോട്ടോര്‍വാഹന വകുപ്പ് സർവീസ് നടത്താൻ അനുവദിക്കുകയും ചെയ്തു.
നവംബര്‍ 24 നാണ് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ റോബിന്‍ ബസ് പിടിച്ചെടുത്തത്. തുടരെയുള്ള  നിയമലംഘനങ്ങളുണ്ടായാല്‍ വാഹനം പിടിച്ചെടുക്കാനുള്ള വ്യവസ്ഥയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് എം.വി.ഡി. ഉദ്യോഗസ്ഥര്‍ ബസ് പിടിച്ചെടുത്തത്. പിന്നീട് ബസ് പത്തനംതിട്ട എ.ആര്‍. ക്യാമ്പിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് കോടതി നിർദ്ദേശപ്രകാരം കഴിഞ്ഞ ദിവസമാണ് മോട്ടോർ വാഹന വകുപ്പ് റോബിൻ ബസ് തിരിച്ച് നൽകിയത്. എന്നാൽ ഇനിയും നിയമലംഘനം നടത്തിയാൽ കർശന നടപടിയുണ്ടാകുമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. അതേസമയം ബസ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളതിനാൽ അവരുടെ ഹർജിയിൽ അടുത്ത മാസമാണ് വിധി പറയുന്നത്.