മനുഷ്യനെ ആക്രമിച്ച് കൊന്ന കടുവയെ വനംവകുപ്പ് തിരിച്ചറിഞ്ഞു

Share

വയനാട്: വാകേരിയില്‍ മനുഷ്യനെ ആക്രമിച്ച് കൊന്ന കടുവയെ വനംവകുപ്പ് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് കൂടുതല്‍ നടപടിയെടുക്കാന്‍ തീരുമാനം. വയനാട് വന്യജീവി സങ്കേതത്തിലെ WWL 45 എന്ന കടുവയാണ് മനുഷ്യനെ ആക്രമിച്ച് കൊന്നതെന്ന് കണ്ടെത്തിയിരുന്നു. കടുവ സെന്‍സസ് നടത്തിയ സമയത്ത് വന്യജീവി സങ്കേതത്തില്‍ ഉള്ള ഈ കടുവയെ വനംവകുപ്പ് കണ്ടെത്തി ലിസ്റ്റ് ചെയുകയും ചെയ്തു.
13 വയസ്സ് പ്രായമുള്ള ആണ്‍ കടുവയാണിത്. വനംവകുപ്പ് നിയോഗിച്ച റാപ്പിഡ് റസ്പോണ്‍സ് ടീം കടുവയുടെ നീക്കം നിരീക്ഷിച്ചു വരികയാണ്. ജനങ്ങള്‍ക്ക് ഒരു ആശങ്കയും വേണ്ടെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് പ്രജീഷ് എന്ന യുവ ക്ഷീരകര്‍ഷകന്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. പശുവിന് പുല്ലരിയാന്‍ പോയ പ്രജീഷിനെ വൈകുന്നേരമായിട്ടും കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കടുവ ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹ ഭാഗങ്ങള്‍ പലയിടത്തായാണ് കണ്ടെത്തിയത്. വനംവകുപ്പ് പ്രദേശത്ത് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കടുവയെ പിടികൂടാനായി കൂടുതല്‍ തോക്കുകളും ക്യാമറകളും വനം വകുപ്പ് അനുവദിച്ചിട്ടുണ്ട്.