ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ കോടതി വെറുതെവിട്ടു

Share

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി അര്‍ജുനെ കോടതി വെറുതെ വിട്ടു. കൊലപാതകം, ബലാത്സംഗം എന്നിവ തെളിയിക്കാന്‍ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് കോടതി പ്രതിയെ കുറ്റവിമുക്തനാക്കിയത്. വെറുതെ വിട്ടിരിക്കുന്നു എന്ന ഒറ്റ വാക്ക് മാത്രമാണ് കട്ടപ്പന അതിവേഗ പ്രത്യേക കോടതി ജഡ്ജി വി. മഞ്ജു വിധിയില്‍ പറഞ്ഞത്.
കള്ളത്തെളിവുകള്‍ ഉണ്ടാക്കിയാണ് അര്‍ജുനെ അറസ്റ്റ് ചെയ്തതെന്നും പുനരന്വേഷണം വേണമെന്നായിരുന്നു പ്രതിഭാഗം വക്കീലിന്റെ വാദം. എന്നാല്‍ അപ്പീല്‍ സാധ്യത പരിശോധിക്കുമെന്നും അന്വേഷണത്തില്‍ വീഴ്ച വന്നിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച് രണ്ടുവര്‍ഷത്തിന് ശേഷമാണ് വിചാരണ പൂര്‍ത്തിയാക്കി വിധി പറഞ്ഞത്. കൊലപാതകം, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങള്‍ക്ക് പുറമേ പോക്സോ നിയമത്തിലെ വിവിധ വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നു. കേസില്‍ സാക്ഷികളാക്കിയിരുന്ന 48 പേരെ വിസ്തരിച്ചു. 69 ലധികം രേഖകളും 16 വസ്തുക്കളും തെളിവായി കോടതിയില്‍ സമര്‍പ്പിച്ചു. എന്നാല്‍ കൊലപാതകം നടത്തിയതിന്റെയോ, ബലാത്സംഗം ചെയ്തതിന്റെയോ കുറ്റം തെളിയിക്കാന്‍ കഴിഞ്ഞില്ല എന്ന കാരണത്താലാണ് പ്രതിയെ കോടതി വെറുതെ വിട്ടത്. വിധി പ്രസ്താവത്തെ തുടര്‍ന്ന് വൈകാരിക നിമിഷങ്ങള്‍ക്കാണ് കോടതി വളപ്പ് സാക്ഷ്യം വഹിച്ചത്. കുട്ടിയുടെ ബന്ധുക്കള്‍ പൊട്ടിക്കരയുകയും, പ്രതിഷേധങ്ങള്‍ ഉയര്‍തുകയും ചെയ്തു. ആറ്റുനോറ്റുണ്ടായ ഞങ്ങളുടെ കണ്മണിയെ തിരിച്ചു കിട്ടുമോ എന്ന് കുട്ടിയുടെ അമ്മയടക്കമുള്ള ബന്ധുക്കള്‍ നിലവിളിയോടെ ചോദിച്ചു.
2021 ജൂണ്‍ 30ന് ചൂരക്കുളം എസ്റ്റേറ്റ് ലയത്തില്‍ വെച്ചാണ് ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ഷാള്‍ കഴുത്തില്‍ കുരുങ്ങിയതാണെന്നാണ് ആദ്യം കണ്ടെത്തിയത്. എന്നാല്‍ സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് വഴിത്തിരിവുണ്ടായതും, പിന്നീട് നടത്തിയ അന്വേഷണത്തില്‍ വണ്ടിപ്പെരിയാര്‍ സ്വദേശിയായ അര്‍ജുനാണ് കുറ്റകൃത്യം ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയത്. പീഡനത്തിനിടെ ബോധരഹിതയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നുവെന്നും പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.