അനുമതിയില്ലാതെയുള്ള പ്രചാരണം കുറ്റകൃത്യമാണ്; കണ്ടെത്തിയാല്‍ കടുത്ത നടപടി

Share

അബുദാബി: വ്യക്തികളുടെ സ്വകാര്യത ലംഘിക്കും വിധം രഹസ്യം വെളിപ്പെടുത്തുന്നത് ശിക്ഷാര്‍ഹമാണെന്ന് അബുദാബി ജുഡീഷ്യല്‍ ഡിപാര്‍ട്ട്‌മെന്റ്. അനുമതിയില്ലാതെ ഒരു വ്യക്തിയുടെ ചിത്രമോ ദൃശ്യമോ ശബ്ദമോ എടുത്ത് പ്രചരിപ്പിക്കുന്നതും കുറ്റകരമായി കണക്കാക്കപെടും. നിയമം ലംഘനം നടത്തുന്നവര്‍ക്ക് 6 മാസം തടവും ഒന്നര ലക്ഷം ദിര്‍ഹം (34 ലക്ഷം രൂപ) മുതല്‍ 5 ലക്ഷം ദിര്‍ഹം (1.1 കോടി രൂപ) വരെ പിഴ ലഭിക്കുമെന്നാണ് അബുദാബി ജുഡീഷ്യല്‍ ഡിപാര്‍ട്ട്‌മെന്റ് വ്യക്തമാക്കിയത്.

അതേസമയം വ്യക്തികള്‍ക്കും, സ്ഥാപനങ്ങള്‍ക്കും, സമൂഹത്തിനും, രാജ്യത്തിനുമെതിരെ ദുഷ്പ്രചാരണം നടത്തുന്നതും ശിക്ഷാര്‍ഹമാണ്. സൈബര്‍ നിയമം ലംഘിച്ചാലും, അപകടത്തില്‍ പരുക്കേറ്റവരുടെയോ മരിച്ചവരുടെയോ ഇരകളുടെയോ ചിത്രം സമ്മതമില്ലാതെ പ്രസിദ്ധീകരിക്കുന്നതും കണ്ടെത്തിയാല്‍ കടുത്ത നടപടിയുണ്ടാകുന്നതായിരിക്കും. സത്യമായ വാര്‍ത്തയാണെങ്കിലും ഒരു വ്യക്തിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ അവരുടെ ചിത്രങ്ങള്‍, അഭിപ്രായങ്ങള്‍ എന്നിവ ആ വ്യക്തിയുടെ സമ്മതമില്ലാതെ പ്രസിദ്ധീകരിച്ചാല്‍ നടപടി എടുക്കുകയും ചെയ്യും. കൂടാതെ ഒരു വ്യക്തിയുടെ ജിപിഎസ് ലൊക്കേഷന്‍ ട്രാക്ക് ചെയ്യുന്നതും, മറ്റൊരു വ്യക്തിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ശബ്ദ, ദൃശ്യ സന്ദേശവും, ചിത്രവും അയക്കുന്ന കുറ്റം തെളിഞ്ഞാല്‍ ഒരു വര്‍ഷം തടവും രണ്ടര ലക്ഷം മുതല്‍ 5 ലക്ഷം ദിര്‍ഹം വരെ പിഴയും ശിക്ഷ നല്‍കുന്നതാണ്. ഇതുസംബന്ധിച്ചുള്ള നിയമലംഘന ശിക്ഷാനടപടിയെ കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെ ബോധവല്‍ക്കരണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.