ക്രിസ്മസ് ആഘോഷങ്ങളെ വരവേല്‍ക്കാന്‍ ദുബൈ എക്‌സ്‌പോ സിറ്റി

Share

ദുബൈ: ശീതകാല ആഘോഷങ്ങള്‍ വരവേല്‍ക്കാന്‍ എക്‌സ്‌പോ സിറ്റി ഒരുങ്ങി. നിലവില്‍ ഉച്ചകോടിയുടെ വേദിയായിരുന്നു എക്‌സ്‌പോ സിറ്റി. എന്നാല്‍ ബുധനാഴ്ച ഉച്ചകോടിക്ക് തിരശ്ശീല വീണതോടെ വീണ്ടും ആഘോഷങ്ങളിലേക്ക് ഒത്തുകൂടാന്‍ എക്‌സ്‌പോ സിറ്റി ഒരുങ്ങി. ക്രിസ്മസ് ആഘോഷങ്ങള്‍ക്കായാണ് എക്‌സ്‌പോ സിറ്റി ഇപ്പോള്‍ അലങ്കരിച്ചിരിക്കുന്നത്. പ്രധാന ആകര്‍ഷണമായ അല്‍ വസല്‍ ഡോമില്‍ 52 അടി ഉയരത്തില്‍ ക്രിസ്മസ് മരവും നിര്‍മിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ട് ആറിന് ക്രിസ്മസ് ട്രീയില്‍ തിരി തെളിയുന്നതോടെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കമാവും. ചടങ്ങിന് സാക്ഷിയാകാന്‍ പൊതുജനങ്ങളെയും ക്ഷണിച്ചിരിക്കുകയാണ് എക്‌സ്‌പോ സിറ്റി അധികൃതര്‍. പുനര്‍നിര്‍മിച്ച അലങ്കാരങ്ങളും ഊര്‍ജ-കാര്യക്ഷമമായ ലൈറ്റുകളും എക്‌സ്‌പോ സിറ്റിയിലുടനീളം സ്ഥാപിച്ചിട്ടുണ്ട്. ദീപാലങ്കാരമായ ആകര്‍ഷണങ്ങളാല്‍ നിറഞ്ഞ് നില്‍ക്കുന്ന എക്‌സ്‌പോ സിറ്റിയില്‍ പരിസ്ഥിതി സൗഹൃദമായ കളിപ്പാട്ട നിര്‍മാണ സ്ഥലവും സജ്ജമാക്കിയിട്ടുണ്ട്. കുട്ടികള്‍ക്ക് അവിടെ ഒരുക്കിയിരിക്കുന്ന സാധനങ്ങള്‍ ഉപയോഗിച്ച് ഇഷ്ടമുള്ള കളിപ്പാട്ടങ്ങള്‍ നിര്‍മിക്കാനും ശാസ്ത്ര, സാങ്കേതിക വിദ്യകള്‍, എന്‍ജിനീയറിങ്, ഗണിതശാസ്ത്രം എന്നിവയെക്കുറിച്ച് പഠിക്കാനുമുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. കോപ് 28 ന്റെ മഹിമ കാത്തുസൂക്ഷിച്ച് ഗ്രീന്‍ ലിവിങ്, സാന്തയുടെ സുസ്ഥിരഭവനം, മിസിസ് ക്ലോസ് ബേക്കറി, പരിസ്ഥിതി സൗഹൃദ കളിപ്പാട്ട നിര്‍മാണ ഫാക്ടറി, ഫ്രോസ്റ്റിയുടെ ഫാം ഹൗസ് എന്നിവയും നിര്‍മിച്ചിട്ടുണ്ട്.