കോപ്പന്‍ഹേഗന്‍: ഖുര്‍ആന്‍ കത്തിച്ചാല്‍ ഇനി ലഭിക്കുന്നത് തടവ് ശിക്ഷ. ഡെന്മാര്‍ക്കാണ് ഈ പുതിയ നിയമം പാസാക്കിയിരിക്കുന്നത്. ഖുര്‍ആന്‍ പരസ്യമായി കത്തിക്കുന്നത് നിരോധിച്ചുകൊണ്ട് 77 നെതിരെ 94 വോട്ടുകള്‍ക്കാണ് ഡെന്മാര്‍ക്ക് പാര്‍ലമെന്റ് നിയമം പാസാക്കിയത്. പുതിയ നിയമപ്രകാരം ഡെന്മാര്‍ക്കില്‍ ഖുര്‍ആന്‍ പരസ്യമായി കത്തിച്ചാല്‍ പിഴ ഈടാക്കുകയോ രണ്ട് വര്‍ഷം വരെ തടവുശിക്ഷയോ ലഭിക്കും. കഴിഞ്ഞ ഓഗസ്റ്റിലാണ് ഇത്തരമൊരു നിയമത്തെ കുറിച്ച് ഡെന്മാര്‍ക്ക് ആലോചിക്കുന്നത്. ഡെന്മാര്‍ക്കില്‍ നടന്ന ചില പ്രതിഷേധങ്ങളില്‍ ഖുര്‍ആന്‍ പരസ്യമായി കത്തിച്ചിരുന്നു. ഖുര്‍ആനും, മുസ്ലിം രാജ്യങ്ങളുടെ പതാകയും കത്തിച്ചകൊണ്ടുള്ള 500-ലേറെ സംഭവങ്ങളാണ് ജൂലൈ മുതല്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതേത്തുടര്‍ന്ന് മുസ്ലിം രാജ്യങ്ങളുമായുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായാണ് ഡെന്മാര്‍ക്ക് പുതിയ നിയമം കൊണ്ടുവന്നത്. കൂടാതെ
മറ്റ് രാജ്യങ്ങളുമായുള്ള ഡെന്മാര്‍ക്കിന്റെ ബന്ധത്തില്‍ വിള്ളലുണ്ടാക്കാന്‍ ഇത്തരം പ്രതിഷേധങ്ങള്‍ കാരണമാകുമെന്നും, അത് രാജ്യത്തിന്റെ താല്‍പ്പര്യങ്ങളെയും ആത്യന്തികമായി സുരക്ഷയേയും ബാധിക്കുമെന്നും ഡെന്മാര്‍ക്ക് നീതിന്യായ വകുപ്പ് മന്ത്രി പീറ്റര്‍ ഹമെല്‍ഗാഡ് പറഞ്ഞു. ചൂടേറിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് പാര്‍ലമെന്റില്‍ ഈ നിയമം പാസായത്. ആഴ്ചകള്‍ക്കിടെ വിദേശരാജ്യങ്ങളുടെ എംബസികള്‍ക്ക് മുന്നില്‍വെച്ച് ഖുര്‍ആന്‍ കത്തിച്ച് പ്രതിഷേധിച്ച 170-ലേറെ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. ലോകത്തിന് ഒരു സന്ദേശം നല്‍കേണ്ടതായുണ്ട് എന്നാണ് മന്ത്രിമാര്‍ അന്ന് ഇതേക്കുറിച്ച് പറഞ്ഞത്. മതങ്ങളെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യത്തെ നിയമം ഒരുതരത്തിലും ബാധിക്കില്ലെന്നും ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡെറിക്‌സണ്‍ അറിയിച്ചു. ഖുര്‍ആന്‍ കത്തിക്കുന്നത് ഉള്‍പ്പെടെയുള്ള മതവിമര്‍ശനങ്ങളെ നിയന്ത്രിക്കുന്നത് പോരാടി നേടിയ സ്വാതന്ത്ര്യത്തെ ദുര്‍ബലപ്പെടുത്തുന്നതാണെന്നാണ് നിയമത്തെ എതിര്‍ക്കുന്നവരുടെ വാദം. നിലവില്‍ സ്വീഡനും സമാനമായ നിയമം പാസാക്കുന്ന കാര്യം പരിഗണിക്കുകയാണ്.